നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി. രഹസ്യമായാണു ബലാംത്സംഗക്കേസിലെ നടപടി ക്രമങ്ങൾ നടത്തിയത്.
മാർച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസിൽ പരാതി നൽകിയത്. എന്നാൽ തന്റെ പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവർ പീഡനപ്പരാതി നൽകിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവർത്തിച്ചത്. 40 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി.
നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റർ ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.