ദുബായില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത. പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാന്‍ ശ്രമിച്ചുവെന്നും അതിജീവിത പറഞ്ഞു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറയാന്‍ ഇരിക്കെയാണ് അതിജീവിതയുടെ വെളിപ്പെടുത്തല്‍.
പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കില്‍ തനിക്ക് പരാതി നല്‍കാതിരിക്കാമായിരുന്നു. അതല്ല ഞാന്‍ ചെയ്തത്. അതിനാണ് താന്‍ കല്ലേറ് വാങ്ങുന്നതെന്നും പരാതിക്കാരി പറഞ്ഞു. ഞാനല്ല തെറ്റുകാരി എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് പരാതി നല്‍കിയത്. ഇതുപോലെ മറ്റു സ്ത്രീകളും ചൂഷണത്തിന് ഇരയായിട്ടുണ്ടാവില്ലേ എന്നോര്‍ത്താണ് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
താന്‍ കാശ് ചോദിച്ചെന്ന് പറയുന്നതൊക്കെ വ്യാജമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മില്‍ ഉണ്ടായിട്ടില്ല. കാശ് വാങ്ങാനാണെങ്കില്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. വിജയ് ബാബു നിര്‍മ്മാതാവായ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായതെന്നും അതിജീവിത പറഞ്ഞു.