വടിവാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച് വിജയ് സേതുപതി: പിന്നാലെ ക്ഷമാപണം

0
36

പിറന്നാള്‍ ദിനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് വിജയ് സേതുപതി. പിറന്നാൾ ആഘോഷത്തിനിടെ താരം വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നൊരു ചിത്രം വൈറലായിരുന്നു. ആ ചിത്രത്തിനു വിശദീകരണം നൽകുന്നതിനിടെയാണ് സേതുപതി പ്രേക്ഷകരോട് മാപ്പ് പറഞ്ഞത്. ഭാവിയിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകൻ പൊൻറാമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം മുമ്പാണ് സേതുപതിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പൊൻറാം സംവിധാനം ചെയ്യുന്ന സേതുപതി ചിത്രത്തിൽ വടിവാളും പ്രധാന ഭാഗമാകുന്നുണ്ട്. ആ സിനിമയിൽ ഉപയോഗിക്കുന്ന അതേ വടിവാൾ ഉപയോഗിച്ചാണ് സേതുപതി തന്റെ പിറന്നാൾ കേക്ക് മുറിച്ചത്.

‘പിറന്നാൾ ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാൾ ആഘോഷം വലിയ വിവാദങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. വടിവാൾ ഉപയോഗിച്ച് ഞാൻ കേക്ക് മുറിക്കുന്നതായി ഫോട്ടോയിൽ കാണാം. പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി ഞാൻ അഭിനയിക്കുന്നത്. ഒരു വടിവാളും ആ ചിത്രത്തിൽ പ്രധാന ഭാഗമാണ്. പൊൻറാമിനും ടീമിനുമൊപ്പമായതിനാൽ ആ വാൾ ഉപയോഗിച്ചാണ് ഞാൻ കേക്ക് മുറിച്ചത്. എന്നാൽ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരുപാട് പേർ എന്നോടു പറഞ്ഞു. ഇനി മുതൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്.’–വിജയ് സേതുപതി കുറിച്ചു.

Leave a Reply