ഒരുത്തീ സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ വിനായകൻ. തന്റെ ഭാഷാ പ്രയോഗത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ താൻ ക്ഷമ ചോദിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു.
വിനായകന്റെ കുറിപ്പ്
നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു . വിനായകൻ .
ഒരുത്തീ സിനിമയുടെ പ്രമോഷനിടെ മീ ടൂവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന തരത്തിൽ വിനായകൻ സംസാരിച്ചത്. വാർത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകയെ ചൂണ്ടി തനിക്ക് അവരോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൽപ്പര്യം തോന്നിയാൽ നേരിട്ട് ചോദിക്കും എന്നാണ് വിനായകൻ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമാ രംഗത്തിലുള്ളവർ ഉൾപ്പടെ നിരവധി പേരാണ് വിനായകന് എതിരെ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാപണം നടത്തിയത്.