Friday, July 5, 2024
HomeNewsKeralaസ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ

സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം – ഡിവൈഎഫ്ഐ

കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്. സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം.

സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments