Monday, October 7, 2024
HomeNewsKeralaവിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം

ഭർതൃവീട്ടിൽ വിസ്മയ വി.നായരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് എസ്.കിരൺ കുമാറിനെ സർവീസിൽനിന്ന് പിരിച്ചു വിട്ടു. കേരള ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡന വിഷയത്തിൽ ഭാര്യ മരിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചു വിടുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. ഗതാഗതവകുപ്പിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ നിലവിൽ സസ്പെൻഷനിലാണ്.

സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കിരണിനെ പിരിച്ചു വിടുന്നത്. ഉദ്യോഗസ്ഥർക്ക് നല്ലൊരു സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് സർക്കാർ കടുത്ത നടപടിയിലേക്കു നീങ്ങിയത്. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കിരൺ.

ജൂൺ 22 നാണ് ബിഎഎംഎസ് വിദ്യാർഥിയും പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്.കിരൺ കുമാറിന്റെ ഭാര്യയുമായ വിസ്മയ വി.നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. കൊല്ലം ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിൽ ജോലി ചെയ്തുവന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ വിദ്യാർഥി വിസ്മയയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. സ്ത്രീധനത്തെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു.

ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷംരൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരന്തര മര്‍ദ്ദനമെന്ന് ബന്ധുക്കൾ പറയുന്നു. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments