വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്;പ്രതി കിരണിന്റെ പിതാവ് കൂറുമാറി

0
228

കൊല്ലം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭര്‍ത്താവ് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ഇന്നലെ സദാശിവന്‍ പിള്ള കോടതിയില്‍ മൊഴി നല്‍കി.

ആത്മഹത്യാ കുറിപ്പ് വീട്ടിലെത്തിയ ഒരു പോലീസുകാരന് താന്‍ കൈമാറിയെന്ന് സദാശിവന്‍ പിള്ള കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ഇതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. നേരത്തെ വിസ്മയയുടെ മരണ സമയത്ത് പൊലീസിന് നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് സദാശിവന്‍ പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോള്‍ ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്.

ഈ സാഹചര്യത്തില്‍, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃ ഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാണ്.

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

Leave a Reply