കിരൺകുമാറിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വിസ്മയയുടെ അമ്മ സജിത. ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ വിധി വന്നതിന് പിന്നാലെയായിരുന്നു സജിതയുടെ പ്രതികരണം. ”കോടതിവിധിയിൽ ഞാൻ തൃപ്തയല്ല. നീതി ലഭിച്ചുവെന്ന് പറയാൻ കഴിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്” സജിത പ്രതികരിച്ചു.
സർക്കാരിന് നന്ദിയെന്ന് വിസ്മയയുടെ അച്ഛൻ വിക്രമൻ നായർ പ്രതികരിച്ചു. മകൾക്ക് നീതി കിട്ടിയെന്നും വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനും പ്രോസിക്യൂട്ടർക്കും മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉചിതമായ ശിക്ഷ തന്നെ കിരൺകുമാറിന് കിട്ടിയെന്നും കേസിൽ ഇനിയും കുറ്റവാളികളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
10 വർഷം തടവാണ് കിരൺ കുമാറിന് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വർഷം തടവ്, 306 വകുപ്പ് പ്രകാരം 6 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. ഗാർഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 3, 6 വർഷം വീതം തടവും 50,000 രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പറഞ്ഞത്.