വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; തീരശോഷണത്തിന് കാരണം ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും: മുഖ്യമന്ത്രി

0
29

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്‌നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. ബൃഹദ് പദ്ധതി നടപ്പാക്കുമ്പോള്‍  ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാണ്. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

2016 ല്‍ പുലിമുട്ട് ഇടാൻ ആരംഭിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദ്ദം ഇവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിര്‍മാണം ആരംഭിച്ചതിന് ശേഷം പ്രദേശത്തിന്റെ അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മ്മാണമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം തുറമുഖ പദ്ധതി പോലൊരു പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സമ്പദ്ഘടനയ്ക്ക് ഉണ്ടാകുന്ന ഉത്തേജനം, അതുവഴി ആകെ സാമ്പത്തികമേഖലയ്ക്ക് ഉണ്ടാകുന്ന വളര്‍ച്ച ഇവയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് നാം കാണണം. അനുബന്ധ വികസനവും ജനജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും വലുതായിരിക്കും. ഇപ്പോള്‍ വിഴിഞ്ഞം പദ്ധതി നിലരീതിയില്‍ പുരോഗമിച്ചു വരികയാണ്. 

അത് സമയബന്ധിതമായി പൂര്‍ത്തിയാക്കലാണ് പ്രശ്‌നം. ഇത്രയുമെത്താന്‍ നാട് വലിയ സംഭവാന നല്‍കിയിട്ടുണ്ടെന്ന് ഓര്‍ക്കണം. പശ്ചാത്തല സൗകര്യവികസന പദ്ധതികളെ സങ്കുചിത വീക്ഷണത്തോടെയല്ല കാണുന്നത്. വിഴിഞ്ഞം പദ്ധതി ഒരുതരത്തിലും നടപ്പാക്കേണ്ടതില്ല എന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഈ സമൂഹത്തിനും അത് അംഗീകരിക്കാനാകില്ല. 

പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌നങ്ങള്‍ ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികമാണ്. അവയോട് എന്തു സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആ ഉറപ്പില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്തു പ്രശ്‌നമായാലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. അതില്‍ ഒരു അറച്ചു നില്‍പ്പും സര്‍ക്കാരിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Leave a Reply