Saturday, November 23, 2024
HomeNewsKeralaഎന്തുവന്നാലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എന്തുവന്നാലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ എന്തു പ്രതിസന്ധികള്‍ രൂപപ്പെട്ടുവന്നാലും സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മ്മാണം കേരളത്തിന്റേയും ഇന്ത്യയുടേയും പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് 2019 ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണ്.പലകാരണങ്ങളാല്‍ ഇതു വലിച്ചു നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഉതകുന്ന പദ്ധതി എന്ന നിലയ്ക്ക് എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹാര്‍ഡ് വര്‍ക്ക് ചെയ്തുകൊണ്ടാണ് ഇത്രയും മുന്നോട്ടു പോയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിഴിഞ്ഞത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വപ്നപദ്ധതിയാണ്. ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലെത്തിക്കുക എന്നത് സര്‍ക്കാരിന്റെ കൂടി സ്വപ്നമാണ്. അതിന് എല്ലാവരുടേയും സഹകരണം വേണ്ടതുണ്ട്.ഇന്ത്യയിലെ മറ്റേതൊരു തുറമുഖത്തേക്കാളും കൂടുതല്‍ സാധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. കേരളത്തിലേക്കുള്ള ചരക്ക് മഹാഭൂരിപക്ഷവും വരുന്നത് ശ്രീലങ്കന്‍, ദുബായ് പോര്‍ട്ടുകള്‍ വഴിയാണ്. വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കപ്പല്‍ചാനലിനോട് ഏറ്റവും അടുത്ത് കരയുള്ള പ്രദേശമെന്ന നിലയ്ക്ക്, ലോകത്തെ ഏതൊരു തുറമുഖത്തോടും കിടപിടിക്കാന്‍ കഴിയുന്ന പോര്‍ട്ടായി വിഴിഞ്ഞം മാറുമെന്ന് തുറമുഖമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ക്രൂയിസ് കപ്പലുകള്‍ കൂടുതലായി കേരളത്തിലെത്തും. അതുവഴി ടൂറിസ്റ്റുകള്‍ കൂടുതലായെത്തുന്നതോടെ, ഹോട്ടലുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ കൂടുതലായി ഉണ്ടാകും. കൂടാതെ റോഡ്, റെയില്‍വേ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. കേരളത്തിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാന്‍ കഴിയും. അതിന്റെ ഫലമായി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഒരുപാട് നേട്ടങ്ങളാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.

ജനകീയ സമരമെന്ന നിലയ്ക്ക് പദ്ധതിക്കെതിരായ സമരത്തെ അടിച്ചമര്‍ത്തല്‍ നയം സര്‍ക്കാരിനില്ല. പറ്റാവുന്നത്ര ക്ഷമയോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ലത്തീന്‍ ആര്‍ച്ച് ബിഷപ്പിനെതിരെ വീണ്ടും കേസെടുത്തതിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും ഒരു സമരത്തിന്റെ പേരില്‍ വര്‍ഗീയപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments