Friday, November 22, 2024
HomeNewsKeralaവിഴിഞ്ഞം അക്രമം: മൂവായിരം പേര്‍ക്കെതിരെ കേസ്; കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് എഫ്‌ഐആര്‍, 85 ലക്ഷം രൂപയുടെ...

വിഴിഞ്ഞം അക്രമം: മൂവായിരം പേര്‍ക്കെതിരെ കേസ്; കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് എഫ്‌ഐആര്‍, 85 ലക്ഷം രൂപയുടെ നഷ്ടം; പൊലീസുകാരെ കത്തിക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. 

കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ ഫോര്‍ട്ട് എസിപി അടക്കം പൊലീസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാര്‍ പൊലീസുകാരെ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കില്‍ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. 

സമരക്കാര്‍ ഗൂഢാലോചന നടത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് നശിപ്പിക്കുക, പൊലീസുകാരെ വധിക്കുക തുടങ്ങിയ പൊതു ഉദ്ദേശത്തോടെ ആക്രമണം അഴിച്ചു വിട്ടതായും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. വിഴിഞ്ഞം എസ്എച്ച്ഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്റ്റേഷന്‍  ഉപരോധിച്ച സമരക്കാര്‍ നടത്തിയ അക്രമത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 

തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ ഇവര്‍ ചികിത്സ തേടാനെത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സമരക്കാര്‍ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടര്‍ന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും. പരിക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments