Tuesday, November 26, 2024
HomeNewsKeralaവിഴിഞ്ഞത്ത് നാല് സമരക്കാരെ വിട്ടയച്ചു;  ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞത്ത് നാല് സമരക്കാരെ വിട്ടയച്ചു;  ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേര്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. സമവായ ചര്‍ച്ചകള്‍ ഇന്ന് തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെകൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു. മൂന്നുമണിക്കൂറോളം പൊലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു.അറസ്റ്റുചെയ്ത 5 പേരെയും വിട്ടയയ്ക്കാനായിരുന്നു സംഘര്‍ഷം. വൈദികരും സ്ത്രീകളും അടങ്ങിയ സംഘമാണ് പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തത്. ഉപകരണങ്ങള്‍ നശിപ്പിച്ചു. എസിപിയുടേതടക്കം 4 വാഹനങ്ങള്‍ തകര്‍ത്തു. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. പൊലീസുകാരെ സമരക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് പലതവണ ലാത്തിവീശിയെങ്കിലും ഫലമുണ്ടായില്ല. സമരക്കാര്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു.

രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. ജീവനക്കാരന്റെ കാറും തകര്‍ത്തു. സംഘര്‍ഷം കണക്കിലെടുത്ത് വിഴിഞ്ഞം ഡിപ്പോയില്‍നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. വള്ളങ്ങളുമായി റോഡ് തടഞ്ഞുവച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ 38 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, വൈദികര്‍ അടക്കം 20 സമരക്കാര്‍ക്ക് പരുക്കേറ്റതായി സമരസമിതി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments