Sunday, October 6, 2024
HomeNewsKeralaരാഹുല്‍ ഗാന്ധിയെ കാണാന്‍ വിഴിഞ്ഞം സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, നഗരത്തില്‍ ഗതാഗത നിയന്ത്രണം

രാഹുല്‍ ഗാന്ധിയെ കാണാന്‍ വിഴിഞ്ഞം സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് നേമത്ത് നിന്ന് തുടങ്ങും. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹര്‍ ബാല്‍ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. ഇതിനിടയില്‍ വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുല്‍ ഗാന്ധി കാണാനാണ് സാധ്യത.കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനില്‍ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.അതേസമയം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാണക്കേടായി. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്. സ്ഥലത്തിന് മുന്നിലൂടെ ജാഥയില്‍ നടന്നു പോയിട്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതോടെ ഉദ്ഘാടനത്തിനായെത്തിയ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ ക്ഷീണമാണുണ്ടായത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂര്‍, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവില്‍ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തുന്നതിന്റെയടക്കം ദൃശ്യങ്ങളും പുറത്തുവന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments