വിഴിഞ്ഞം സമരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്;  മന്ത്രിക്കെതിരായ പ്രസ്താവനയും ചര്‍ച്ചയാകും

0
38

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരവും, അക്രമസംഭവങ്ങളും ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷവും മന്ത്രി വി അബ്ദുറഹ്മാനെതിരെ സമരസമിതി കണ്‍വീനറും ലത്തീന്‍ അതിരൂപത വൈദികനുമായ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും ചര്‍ച്ചയായേക്കും. 

സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സിപിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും, നിക്ഷിപ്ത താല്‍പര്യക്കാര്‍ ഒന്നിച്ച് കൂടി വികസനം തടയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 

അതിനിടെ, വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. 

സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ അടക്കം തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. 

Leave a Reply