വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടന്നതെന്നും പൊലീസ് സ്വീകരിച്ചത് നിയമാനുസൃത നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിലാണ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാംപ്രതിയാക്കി മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയതി നുമാണ് വൈദികര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി മറികടന്നാണ് സമരം നടത്തിയതെന്ന് പൊലീസ് എഫ്ഐആറില്‍ പറഞ്ഞിരുന്നു.