Friday, July 5, 2024
HomeNewsവിഴിഞ്ഞത്തെ അതിജീവന സമരം സമാധാനപരമായി ഒത്തുതീർപ്പാക്കണം; അഭിവന്ദ്യ പിതാക്കന്മാർക്കതിരായ കേസ് അപലപനീയം: ഫ്രാൻസിസ് ജോർജ്

വിഴിഞ്ഞത്തെ അതിജീവന സമരം സമാധാനപരമായി ഒത്തുതീർപ്പാക്കണം; അഭിവന്ദ്യ പിതാക്കന്മാർക്കതിരായ കേസ് അപലപനീയം: ഫ്രാൻസിസ് ജോർജ്

കോട്ടയം:  132 ദിവസമായി നടന്നു വരുന്ന വിഴിഞ്ഞത്തെ ജനങ്ങളുടെ അതിജീവന സമരം ഇന്നത്തെ അക്രമാസക്തമായ സ്ഥിതിയിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എക്സ് എം.പി പറഞ്ഞു. 

വർഷങ്ങളായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണുകളിൽ കഴിയാൻ നിർബന്ധിതരായ തീരദേശവാസികൾ, തീരശോഷണം മൂലം തങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്ന അവരെ സംബന്ധിച്ചിടത്തോളം, സർക്കാരിന്റെ വാഗ്ദാനങ്ങൾ അല്ല, സത്വരമായ നടപടികളിലൂടെയുള്ള സംരക്ഷണമാണ് അവർ ആഗ്രഹിക്കുന്നത്. അതിനു പകരം സമരവീര്യത്തെ തളർത്താനുള്ള സർക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയവും, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അവഗണനാ മനോഭാവവുമാണ് ഈ സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

വികസനത്തിന്റെ ഇരകൾ എന്നുള്ള നിലയിലേക്ക് അവഗണിക്കപ്പെട്ട, ജാതി മതഭേദമന്യേയുള്ള, സ്ഥലവാസികളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഈ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. ഈ മേഖലയുടെ സാഹചര്യങ്ങൾ മനസിലാക്കാനും അതനുസരിച്ച് പ്രശ്ന പരിഹാരത്തിന് ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ നിലയിലേക്ക് ഈ പ്രതിഷേധ സമരം എത്തിച്ചേരാൻ ഉണ്ടായ കാരണം.

കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായ 2018 ലെ മഹാ പ്രളയത്തിൽ നമ്മുടെ ജനങ്ങളെ രക്ഷിക്കാൻ എല്ലാം മറന്ന് ഓടി എത്തിയ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ അവർ നേരിടുന്ന ഈ അതിജീവന പ്രശ്നം സർക്കാരിന്റെ മുന്നിൽ ഉന്നയിച്ച് സമരം ചെയ്യാനാരംഭിച്ചിട്ട് 132 ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാതെ അവരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം തങ്ങളുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനുള്ള ഹീനമായ ശ്രമമാണെന്നതു വ്യക്തമാണ്.

സമരസമിതിയുടെ തലപ്പത്ത് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ആണ് എന്നതിന്റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിലും, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസിന്റെ പേരിലും, വികാരി ജനറാൾ മോൺ. യൂജിൻ പെരേരയുടെ പേരിലും ഉൾപ്പെടെ ഒന്നും രണ്ടും മൂന്നും പ്രതികളായി, വധശ്രമം പോലും ഉന്നയിച്ച് കേസ് എടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. രാഷ്ട്രീയ തീരുമാനമില്ലാതെ ഒരു കാരണവശാലും പോലീസ് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തില്ല. സംഘർഷഭരിതമായ വിഴിഞ്ഞത്ത് അങ്ങേയറ്റം പ്രകോപനപരമായ ഒരു തീരുമാനമാണ് സർക്കാർ ഈ നടപടിയിലൂടെ സ്വീകരിച്ചത്. ഈ തീരുമാനം മൂലം നേതൃത്വത്തിനു സമരം ചെയ്യുന്ന ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഈ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അഭിവന്ന്യ പിതാക്കന്മാരുടെ പേരിൽ കേസ് എടുത്തത് പിൻവലിക്കാൻ സർക്കാർ തയാറാകണം. സംസ്ഥാനത്തിന്റെ തീരദേശ മേഖല ആകെ പ്രക്ഷുബ്‌ധമാകാൻ വഴി തെളിക്കുന്ന സർക്കാരിന്റെ അനാസ്ഥയും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

സമരസമിതി അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സമാധാനപരമായ പ്രശ്ന പരിഹാരത്തിന് വേണ്ടി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments