Pravasimalayaly

തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവം അന്വേഷിക്കും; കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പണം തിരികെ നൽകാൻ പ്രത്യേക പാക്കേജെന്ന് വി എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ നടത്താൻ കഴിയാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പണം ലഭിക്കാത്തതിനെ തുടർന്നാണോ അവർ മരിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നു. ബാക്കി തുക കൂടി നൽകാൻ സഹായിക്കുന്ന തരത്തിൽ കേരള ബാങ്കിൽ നിന്ന് സ്‌പെഷ്യൽ ഓവർഡ്രാഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപ ഗ്യാരന്റി ബോർഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചുവെന്നും അതിൽ നിന്നും റിസ്‌ക് ഫണ്ടിൽ നിന്നും സഹായം നൽകുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. അതേസമയം നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകാമെന്ന് കരുവന്നൂർ ബാങ്ക് അധികൃതർ അറിയിച്ചു.

ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം നൽകിയില്ലെന്നായിരുന്നു നിക്ഷേപകൻ ദേവസിയുടെ പരാതി.

Exit mobile version