കരുവന്നൂരിലേത് ചെറിയ പ്രശ്നമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നം പൊതുവല്‍ക്കരിക്കരുത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 164 സഹകരണ സ്ഥാപനങ്ങള്‍ക്ക് തുക തിരിച്ചു നല്‍കാനായില്ല എന്നത് വാസ്തവമാണ്. എന്നാല്‍ അതൊന്നും സഹകരണ ബാങ്കുകള്‍ ആയിരുന്നില്ല. കരുവന്നൂരില്‍ ക്രമക്കേട് കണ്ടെത്തിയപ്പോള്‍ തന്നെ ശക്തമായ നടപടിയെടുത്തു.
കരുവന്നൂര്‍ ബാങ്ക് 38 കോടി 75 ലക്ഷം രൂപ തിരിച്ചു നല്‍കിയിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും മന്ത്രി ആരോപിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.
കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.