എകെജി സെന്ററിനു നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ പിടിക്കാത്തതിനെക്കുറിച്ചുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ പരിഹസിച്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെ പരാമര്‍ശിച്ചായിരുന്നു ജയരാജന്റെ പൊലീസ് ന്യായീകരണം. ‘പ്രതിഭയാണ്, പ്രതിഭാസമാണ്’ – എന്നായിരുന്നു ജയരാജന്റെ ‘സുകുമാരക്കുറുപ്പ് പരാമര്‍ശം’ ഉള്‍പ്പെടുന്ന കാര്‍ഡ് പങ്കുവച്ച് ബല്‍റാമിന്റെ പരിഹാസം.
എകെജി സെന്ററില്‍ ബോംബെറിഞ്ഞിട്ട് ദിവസം പന്ത്രണ്ട് കഴിയുമ്പോഴും പ്രതിയെ പിടികൂടിയിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ പ്രതികളെ പിടികൂടാത്തതതെന്ന ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി
”സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി? പിടിച്ചോ? പലരും മാറിമാറി ഭരിച്ചില്ലേ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ. അത് പൊലീസ് നല്ല നിലയില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേലാനും. ഇതു വടക്കേ മലബാറിലെ ഒരു ശൈലിയാണ്. ഇതുപോലെ കൃത്യങ്ങള്‍ നടത്തുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാകാം. അതുകൊണ്ട് പൊലീസിന്റെ ശക്തി, അവരുടെ ബുദ്ധിപരമായ കഴിവ്, വിവിധ ശാസ്ത്ര-സാങ്കേതിക വിദ്യകള്‍… ഇതെല്ലാം ഉപയോഗപ്പെടുത്തി പൊലീസ് ഏറ്റവും ജാഗ്രതയോടെ അന്വേഷണം നടത്തി- ജയരാജന്‍ പറഞ്ഞു.