കൊച്ചി: രാജ്യത്തിന് അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കപ്പല്‍ നാവികസേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറി.
സമുദ്രസുരക്ഷയ്ക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാകുന്നു. അമൃത് മഹോത്മസവത്തിലെ അമൃതാണ് വിക്രാന്ത്. ഐഎന്‍എസ് വിക്രാന്തിലൂടെ രാജ്യത്തിന് പുതിയ വിശ്വാസം നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരമാകും വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിക്രാന്തിലൂടെ രാജ്യം ലോകത്തിന് മുന്നിലെത്തി. വിക്രാന്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശക്തമായ ഭാരതം സുരക്ഷിത ലോകത്തിന് മാര്‍ഗദര്‍ശിയാകും. നാവികസേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്ത് ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രതീകമാണ്. എല്ലാ പൗരന്മാരും തദ്ദേശീയ ഉത്പന്നങ്ങള്‍ക്കായി നിലകൊള്ളണം. അതിന്റെ പ്രയോജനം രാജ്യത്തിന് മാത്രമല്ല, ലോകത്തിനും കിട്ടും. വിക്രാന്ത് വിശിഷ്ടമാണ്, വിശാലമാണ്, വിശ്വാസമാണ്. നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്.
ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും മുദ്രയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാവിലെ കപ്പല്‍ശാലയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
2007ൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ തന്നെയാണ് കപ്പലിന്റെ നിർമാണം ആരംഭിച്ചത്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിൻറെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊള്ളാനാവും. 20,000 കോടി മുടക്കി 13 വർഷം കൊണ്ടാണ് കപ്പൽ നിർമ്മിച്ചത്.