Pravasimalayaly

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി,ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

അണക്കെട്ടുകള്‍ തുറന്നിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.86 അടിയായി. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ തുറന്നു വെച്ചിട്ടുള്ള ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളവും വൃഷ്ടിപ്രദേശത്തെ ഇടവിട്ടുള്ള മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലവിതാനം താഴാത്തതിന് കാരണം. അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുതോണിപ്പുഴയിലും, പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു.

ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ, തടിയമ്പാട് ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലീറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്.

ചെറുതോണിപ്പുഴയിലും ശക്തമായ കുത്തൊഴുക്കാണ്. പ്രദേശത്തെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കുമെന്നാണ് സൂചന. റൂള്‍ കര്‍വ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

Exit mobile version