Pravasimalayaly

‘ദമയന്തി’യായി നിറഞ്ഞാടി വയനാട് കലക്ടര്‍

തൊഴില്‍ മേഖലയിലേക്ക് കടന്നാല്‍ പിന്നെ ഇഷ്ടങ്ങളെല്ലാം മാറ്റിവയ്ക്കുന്നവരോ മറക്കുന്നവരോ ആണ് കൂടുതല്‍ പേരും. എന്നാല്‍ വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവത്തിന്റെ കഥകളി വേദിയില്‍ ദമയന്തിയായി നിറഞ്ഞാടിയ ഒരു വിഐപി. മറ്റാരുമല്ല, വയനാട് കലക്ടര്‍ എ. ഗീതയായിരുന്നു അത്. കഥകളി വേദിയില്‍ ആസ്വാദകരുടെ വേഷമണിയുന്ന കലക്ടര്‍മാരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തയായി അരങ്ങിലേക്കെത്തി ഗീത.

നളചരിതം ആട്ടക്കഥയിലെ നൃത്യ, നാട്യ, ആംഗിക പ്രധാനമായ ദമയന്തിയുടെ വേഷം മനോഹരമായി തന്നെ കലക്ടര്‍ അവതിരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ് ദമയന്തിയെ അഭിനന്ദിച്ചത്. കഥകളി അവതരിപ്പിക്കാനുള്ള ആഗ്രഹം മനസില്‍ കാലങ്ങള്‍ക്ക് മുന്‍പെ ഉണ്ടായിരുന്നു കലക്ടര്‍ക്ക് കോട്ടയ്ക്കൽ സി.എം. ഉണ്ണിക്കൃഷ്ണന്റെ ശിഷ്യത്വത്തിന്റെ അകമ്പടിയോടെയായിരുന്നു ആഗ്രഹം സഫലീകരിച്ചത്.

ജോലിയുടെ തിരക്കുകള്‍ക്കിടയിലും അധികം സമയം കണ്ടെത്തിയായിരുന്നു പരിശീലനം. ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണുസംരക്ഷണ ഓഫീസിലെ ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ രതി സുധീറുമായിരുന്നു എല്ലാ പിന്തുണയും നല്‍കി കലക്ടര്‍ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നത്. ഇരുവരും നേരത്തെ കഥകളി അഭ്യസിച്ചിട്ടുള്ളവരായിരുന്നു.

Exit mobile version