Pravasimalayaly

ചുട്ടു പൊള്ളി കേരളം; തൃശൂരില്‍ അനുഭവപ്പെട്ടത് 38.6 ഡിഗ്രി

തൃശൂര്‍: സംസ്ഥാനത്ത് പകല്‍ ചൂട് കൂടുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. പാലക്കാടിന് സമാനമായ ചൂട് തൃശൂരിലും അനുഭവപ്പെട്ടു തുടങ്ങി.

ശനിയാഴ്ച തൃശൂര്‍ വെള്ളാനിക്കരയില്‍ ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട താപനില 38.6 ഡിഗ്രി സെല്‍ഷ്യസാണ്. വൈകിട്ട് നാലോടെ ഇത് 34 ഡിഗ്രിയിലെത്തി. രാത്രി താപനില ശരാശരി 25 ഡിഗ്രിയിലേറെയാണെന്ന് കേന്ദ്ര കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

കൊല്ലം പുനലൂരില്‍ ശനിയാഴ്ച 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് 37.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ജില്ലകളില്‍ പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version