Pravasimalayaly

വരുന്നത് കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനം കുറഞ്ഞ് ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ ഡോക്ടര്‍ മരിയ വാന്‍ കെര്‍കോവ്. കോവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വകഭേദങ്ങള്‍ ഒമിക്രോണിനെക്കാള്‍ അപകടകരമാകുമെന്നും മരിയ വാന്‍ കെര്‍കോവ് പറഞ്ഞു. നിലവിലെ വകഭേദത്തെക്കാള്‍ തീവ്രത കൂടിയതും മനുഷ്യരില്‍ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങള്‍ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും മരിയ വാന്‍ കെര്‍കോവ് കൂട്ടിച്ചേര്‍ത്തു.

അടുത്തുണ്ടാകാന്‍ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണ്. എന്നാല്‍, കോവിഡ് വാക്‌സിനുകള്‍ എടുക്കാത്തവരില്‍ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കി.

Exit mobile version