Pravasimalayaly

അടിതെറ്റിയ ജോര്‍ജിനെ ആരു സഹായിക്കും! യുഡിഎഫും കൈവിട്ടതോടെ എന്‍ഡിഎ പാളയത്തിലേക്ക്?

തിരുവനന്തപുരം: പഠിച്ച പണി 18 ഉം നോക്കിയിട്ടും പി.സി ജോര്‍ജിന് യുഡിഎഫില്‍ ഇടം പിടിക്കാനായില്ല. ഇതോടെ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ ജനവിധി തേടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ആഴ്ച്ചകളായി പി.സി ജോര്‍ജ് യുഡിഎഫ് പ്രവേശനത്തിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനു പി സിയോട് കടുത്ത എതിര്‍പ്പായിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്ര ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ പ്രാദേശിക വികാരം യുഡിഎഫ് നേതൃത്വത്തിന് മനസിലാകുകയും ചെയ്തു. മുസ്‌ളീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് വിവിധ മുസ്‌ളിം സംഘടനകള്‍ ജോര്‍ജിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. കൂടാതെ ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോര്‍ജ് യുഡിഎഫില്‍ എത്തുന്നതിനോട് ശക്തമായ എതിര്‍പ്പുമുണ്ട്. യുഡിഎഫില്‍ ജോര്‍ജ് വരുന്നതിനോട് രമേശ് ചെന്നിത്തലയ്ക്ക് വിരോധമില്ലെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോര്‍ജ് യുഡിഎഫിലെത്തുന്നതിനോട് അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. ഇതിനിടെ യുഡിഎഫ് തീരുമാനം അറിയിച്ചില്ലെങ്കില്‍ താന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം ജോര്‍ജ് പ്രസതാവന ഇറക്കിയിരുന്നു. എന്നാല്‍ യുഡിഎഫ് ഇത് മുഖവിലയ്ക്ക് എടുക്കാതെ വന്നതോടെ പി.സി ജോര്‍ജ് ഇന്നലെ പൂഞ്ഞാറിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കുമെതിരേ രൂക്ഷമായ പ്രതികരണം നടത്തുകയും ചെയ്തു. ജോര്‍ജിനെ യുഡിഎഫില്‍ കൂട്ടിയാല്‍ സംസ്ഥാനമൊട്ടാകെ ന്യൂനപരക്ഷ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് അകലുമെന്ന സൂചനയാണ് ജോര്‍ജിനെ ഒഴിവാക്കാനായുള്ള പ്രധാന കാരണം. കഴിഞ്ഞ തവണ മൂന്നു മുന്നണികളേയും പരാജയപ്പെടുത്തി 25000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ നിന്നും വിജയിച്ച ജോര്‍ജിന് ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള മേകളകളില്‍ ഇക്കുറി ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ എതിരാകുമെന്ന സൂചനയുമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനായുള്ള നീക്കം നടത്തിയത്. ഇത് പരാജയപ്പെട്ട സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വന്നേക്കും. താന്‍ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന സൂചനയും ജോര്‍ജ് നല്കിക്കഴിഞ്ഞു.

Exit mobile version