Pravasimalayaly

ഒമൈക്രോണ്‍ വഴിത്തിരിവായി, കോവിഡ് അന്ത്യത്തിലേക്ക് അടുക്കുന്നു: ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ മാഹാമാരിയെ പുതിയൊരു ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). യൂറോപ്പില്‍ കോവിഡ് അന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു.

മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും- ക്ലൂഗെ പറഞ്ഞു. 

ഒമൈക്രോണിന്റെ നിലവിലെ കുതിപ്പു ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടാവും. അത് വാക്‌സിന്‍ മൂലമാവാം, അല്ലെങ്കില്‍ രോഗബാധമൂലമാവാം. എന്തായാലും ഇതുപോലൊരു തിരിച്ചുവരവ് കോവിഡിന് സാധ്യമാവില്ല- ക്ലൂഗെ പറയുന്നു. 

കോവിഡ് മടങ്ങിവന്നേക്കാം. എന്നാല്‍ അതിനു മുമ്പ് ശാന്തമായ ഒരു കാലഘട്ടം തീര്‍ച്ചയായും ഉണ്ടാവും. കോവിഡ് മടങ്ങിവരുന്നത് മഹാമാരി എന്ന നിലയില്‍ ആവണമെന്നില്ലെന്നും ക്ലൂഗെ പറഞ്ഞു.
 

Exit mobile version