കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തിയതോടെ മാതൃഭൂമി മുന്‍ റിപ്പോര്‍ട്ടര്‍ വി.എസ് സനോജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു ഈ മാസം 13 ന് പോസ്റ്റ് ചെയത ഫേസ്ബുക്ക് പോസ്റ്റാണ് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിമാറിയത്.
എന്തുകൊണ്ട് ഒരു വനിത, പത്രപ്രവര്‍ത്തക യൂണിയന്റെ തലപ്പത്ത് വരണം.
എന്തുകൊണ്ടൊരു തൊഴിലാളി വിരുദ്ധന്‍ വരരുത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…
ഒട്ടും ടൈമില്ല, പണിയിലാണ്, വന്‍ ഓട്ടത്തിലും. പക്ഷേ, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരുടേയും വിപ്ലവ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ചില പഴയ കാര്യങ്ങള്‍ ഓര്‍മ വന്നു, നീണ്ട കുറിപ്പാണ്, പറയാതെ വയ്യ, പക്ഷേ. ക്ഷമിക്കണം. ഏറെക്കാലം തൊഴില്‍ ചെയ്ത മാതൃഭൂമിയ്ക്ക് ജേര്‍ണലിസ്റ്റ് യൂണിയനുണ്ട് (എം.ജെ.യു.) പത്ത് വര്‍ഷം മുമ്പ് മലമ്പുഴയില്‍ എം.ജെ.യു. സമ്മേളനമുണ്ടായി. സമ്മേളനം അവതരിപ്പിച്ച സംഘടനാ പ്രമേയവും അന്നത്തെ ധീര നിലപാടുകളും കൊണ്ടത് ചരിത്രമായി. ആ സമ്മേളനത്തോടെ പലരും പണിഷ്‌മെന്റ് ട്രാന്‍സഫറും മേടിച്ച് ചിതറി. കൊല്‍ക്കത്തയും കൊഹിമയും ലഖ്‌നൗവുമെല്ലാം അതില്‍ പെടും. വേജ് ബോര്‍ഡിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ നീതി നിഷേധ പരമ്പര തന്നെയുണ്ടായി. പുറത്താക്കപ്പെടല്‍, ?ഗതികെട്ട രാജികള്‍, പലായനം, പ്രമോഷന്‍ നിഷേധങ്ങള്‍, അങ്ങനെ പലതും. ആ ജേര്‍ണലിസ്റ്റ് യൂണിയന് മലമ്പുഴ സമ്മേളനത്തിന് ശേഷമെന്ത് സംഭവിച്ചുവെന്നത് കൗതുകകരമാണ്.
അക്കാലങ്ങളിലെ പ്രധാന സമ്മേളന കലാപരിപാടി കേട്ടാല്‍ ഇത് വായിക്കുന്നവര്‍ ചിരിക്കരുത്. സ്ഥാപന മേധാവി പരിപാടി ഉദ്ഘാടനം ചെയ്യാനായി വരും, തൊഴിലാളികളെ ശാസിച്ചും പരിഹസിച്ചും മെയ്ദിനത്തില്‍ പ്രസംഗിക്കും. അത് കേട്ട് എല്ലാവരും മിണ്ടാതിരിക്കും. മാനേജ്‌മെന്റിന് താല്പര്യമുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും, പിരിയും.
ഈ കലാപരിപാടി ചടങ്ങ് പോലെ തുടരുന്ന കാലത്താണ് പുതിയൊരു ടീം യൂണിയന്‍ പിടിക്കുന്നതും മാറ്റങ്ങളുണ്ടായതും. മെയ്ദിന പരിപാടിയിലെ ഈ പരിഹാസ മൊഡ്യൂള്‍ ശരിയില്ലെന്ന് വാദിച്ചതോടെ കോഴിക്കോട്ടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഈയുള്ളവന്‍ ഉള്‍പ്പെടെ യൂണിയനിലെ താപ്പാനകളുടെ കണ്ണിലെ കരടായി. വേജ് ബോര്‍ഡ് അനുകൂല പ്രമേയം വഴി പ്രതിഷേധം അറിയിച്ചതിന് കലാപ ശ്രമമാണെന്നും കമ്പനി പൂട്ടിക്കുമെന്നും തെറ്റായ വ്യഖ്യാനമുണ്ടാക്കി മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിച്ചു. യൂണിയന്റെ പ്രവര്‍ത്തനം തങ്ങളുടെ കയ്യില്‍ നിന്ന് ചോരുന്നതിലെ ഭയമുള്ള ചിലരുടെ കുത്സിത ശ്രമമായിരുന്നു അത്. കമ്പനി വലിയൊരു കാലഘട്ടം വരെ ഇത് വിശ്വസിച്ചു. കങ്കാണിമാരുടെ തെറ്റായ വിവരം വെച്ച് നടപടിയും വന്നു. ഡസന്‍ കണക്കിന് സ്ഥലംമാറ്റങ്ങളുണ്ടായി, വേജ് ബോര്‍ഡ് വാദികളെ വേട്ടയാടി.
അന്നത്തെ കമ്പനി എം.ഡിയായ സോഷ്യലിസ്റ്റിനോട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ മാപ്പ് അപേക്ഷ നല്‍കുകയോ നേരിട്ട് കണ്ട് ക്ഷമാപണം നടത്തുകയോ ചെയ്താല്‍ തിരിച്ചുവരവ് ചിന്തിക്കാമെന്ന് അന്യസംസ്ഥാന തൊഴിലാളികളായ ഞങ്ങള്‍ക്ക് അനൗദ്യോഗികമായി അറിയിപ്പ് കിട്ടി പലവട്ടം. അതിനോട് നോ, പറഞ്ഞാണ് വര്‍ഷങ്ങളോളം ജോലി തുടര്‍ന്നത്. സി. നാരായണനെന്ന പത്രപ്രവര്‍ത്തകനെ യൂണിയനെ ഏകോപ്പിച്ചതിന്റെ പേരില്‍ പുറത്താക്കി. നാരായണനെ പിന്തുണച്ചവരെയും ടാര്‍ജറ്റ് ചെയ്തു. പല പ്രമോഷനുകള്‍ മരവിപ്പിച്ചു. വ്യക്തിപരമായി, ലീവ് നിഷേധവും ലോസ് ഓഫ് പേയുമായി കൊടുംചൂടില്‍ ഉത്തരേന്ത്യന്‍ ന്യൂസ് ബ്യൂറോകളില്‍ ജോലി ചെയ്യേണ്ടിവന്നു. വേണ്ടത്ര മെരുങ്ങാത്തത് കൊണ്ട് കൊല്‍ക്കത്തയില് നിന്ന് കൊഹിമയിലേക്ക് നല്ല നടപ്പിന് ശിക്ഷിച്ചു, പിന്നെ ലഖ്‌നൗ. ചില സുഹൃത്തുക്കളിപ്പോഴും പുറത്തെ സിംഗിള്‍മാന്‍ ബ്യൂറോകളിലാണ്.
മലമ്പുഴ സമ്മേളനത്തിലെ ട്രേഡ് യൂണിയന്‍ ചെറുത്തുനില്‍പ് വലിയ പ്രഹസനത്തിന് പിന്നീട് വഴിമാറി. യൂണിയന്‍ തലപ്പത്ത് തല്പരകക്ഷികളെ മാത്രം വാഴിക്കുന്ന പഴയ കലാപരിപാടിയിലേക്ക് വീണ്ടും സംഘടന തിരിച്ചുവന്നു. മലമ്പുഴ സമ്മേളനം എന്ത് കലാപരിപാടി, എന്തെല്ലാം മാമൂലുകളെ പൊളിക്കാന്‍ ശ്രമിച്ചുവോ അതിനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരികെ കൊണ്ടുവന്നു ഈ എം.ജെ.യു താപ്പാനകള്‍ എന്ന് ചുരുക്കം. പാലക്കാട് സമ്മേളനത്തിന് തൊട്ടടുത്ത വര്‍ഷത്തെ തൃശൂര്‍ സമ്മേളനത്തില്‍ ആദ്യമേ മാനേജ്‌മെന്റിന് വേണ്ടി ചിലര്‍ മുന്നൊരുക്കം നടത്തി. യൂണിറ്റ് തലത്തില്‍ മുതല്‍ വിമര്‍ശനമുള്ളവരെ ഒഴിവാക്കാന്‍ ശ്രമം നടത്തി. ചിലയിടത്ത് അത് വിജയിച്ചു. മലമ്പുഴയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെ പുതിയ പാനല്‍ മാനേജ്‌മെന്റിന് വേണ്ടി അവതരിപ്പിക്കപ്പെട്ടു. ന്യൂസ് എഡിറ്റര്മാരുടെ ഇടപെടലും ഭീഷണിയും വഴി വോട്ട് ചെയ്യുന്നവരെ കൂടി പിന്തിരിപ്പിച്ച് ഒരു നാടകം നടത്തി തൃശൂരില്‍ മാനേജ്‌മെന്റ് പക്ഷക്കാരായ തൊമ്മികള്‍ യൂണിയന്റെ നേതൃത്വം തിരിച്ചെടുത്തു. അങ്ങനെ കമ്പനിയുടെ താല്പര്യലിസ്റ്റിലുള്ളവര്‍ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയുമായി. അവരിലൂടെ യൂണിയന്റെ സകല ചെറുത്തുനില്‍പ്പുകളും മാനേജ്‌മെന്റ് ഇല്ലാതാക്കി. തൊഴിലാളി യൂണിറ്റിയെ, നിര്‍വീര്യമാക്കുന്നതില്‍ അന്നത്തെ നേതാക്കളില്‍ ചിലര്‍ വിജയിച്ചു. അന്ന് അതിനുവേണ്ടി പണിയെടുത്ത, യൂണിയന്റെ സകല അഭിമാന ബോധത്തേയും പണയം വെച്ചവരിലെ ഒരു പ്രധാനി, കെ.യു.ഡബ്യു.ജെ. തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനാര്‍ത്ഥിയാണ്. മൂപ്പരെ പ്രകീര്‍ത്തിച്ച്, വലിയ ട്രേഡ് യൂണിയനിസ്റ്റാണെന്ന് പറഞ്ഞുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണാനിടയായി. സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തിലാണത് കണ്ടത്, കാലാന്തരേണ ചരിത്രം ദുരന്തമോ പ്രഹസനമോ ആയി എങ്ങനെ പരിണമിക്കുമെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്, ചരിത്രത്തിലെ പ്രഹസനത്തെക്കുറിച്ച് കാഫ്കയും.
സംസ്ഥാന അധ്യക്ഷ സ്ഥാനാര്‍ത്ഥി ധീരനായ ട്രേഡ് യൂണിയന്‍ നേതാവാണെന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്ററുകളും. പോസ്റ്റ് ട്രൂത്ത് സാഹിത്യമായി മാത്രം ഇതിനെ കാണാം. പിന്തിരിപ്പിന്‍ കങ്കാണിപ്പണിയ്ക്ക് എക്കാലവും ഓരം ചേര്‍ന്ന് നിന്ന് സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരെ വേട്ടയാടാന്‍ കൂട്ടുനില്‍ക്കുകയും സ്വന്തം നില ഭദ്രമാക്കി, നയതന്ത്രത്തില്‍ സ്ഥാനക്കയറ്റങ്ങള്‍ നേടി കേറിപ്പോകുകയും ചെയ്ത പലരില്‍ ഒരാളാണ് ഈ മത്സരിക്കുന്നത്. നേരത്തെ കോഴിക്കോട് പ്രസ് ക്ലബ് അധ്യക്ഷസ്ഥാനത്തേക്ക് പല തവണ മത്സരിക്കാന്‍ ഇദ്ദേഹം തയ്യാറെടുത്തെങ്കിലും വേജ് ബോര്‍ഡ് സമരകാലത്തെ കുത്തിത്തിരിപ്പ് പണികളുടെ പേരില്‍ കുപ്രസിദ്ധിയുള്ളതിനാല്‍ തോല്‍വി പേടിച്ച് പിന്മാറി കക്ഷി, മറവികളുടെ പുതിയ കാലത്ത് കുപ്പായമിട്ട് വീണ്ടും.
പണ്ട് കൊല്‍ക്കത്തയില്‍ താമസിക്കുന്ന കാലത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് യാത്ര നടത്തുകയും വേജ് ബോര്‍ഡ് പ്രക്ഷോഭത്തോട് ഏക്യപ്പെടുകയും ചെയ്ത പ്രിയ സുഹൃത്താണ് ഈ കക്ഷിയുമായി ചേര്‍ന്ന് മത്സരിക്കുന്നത്. അതായത് തൊഴില്‍ പ്രതിഷേധത്തില്‍ നമ്മളോടെല്ലാം ഏക്യപ്പെട്ടിരുന്നയാള്‍ അത്തരം പ്രതിരോധത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചയാളിനൊപ്പം മത്സരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യമാണത്. വിമര്‍ശിക്കാനില്ല. സൗഹൃദത്തിന് കുറവില്ല. പക്ഷേ പ്രമുഖ പത്രസ്ഥാപനത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ തുരങ്കം വെച്ചവരെ കൂടെ നിര്‍ത്തി വേണോ മത്സരം എന്ന ചോദ്യം മാത്രം. എങ്കിലും വ്യക്തിപരമായ ചോയ്‌സാണത് എന്നതിനാല്‍ തീരുമാനത്തെ മാനിക്കുന്നു.
ചിലത് കൂടി ചോദിച്ചുകൊണ്ട് ഈ പോസ്റ്റ് നിര്‍ത്താം-
1) വേജ് ബോര്‍ഡ് സമരകാലത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ മാതൃഭൂമിയില്‍ നിന്ന് സ്ഥലംമാറ്റപ്പെട്ട വ്യക്തികള്‍ക്ക് നേരിട്ട നടപടിയെ പരസ്യമായി അപലപിക്കാന്‍ അധ്യക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് ചങ്കുറ്റമുണ്ടോ.
2) കമ്പനി താല്പര്യപ്രകാരം മാത്രം യൂണിയനിസം നടത്തി ശീലിച്ച ഒരാള്‍ എങ്ങനെ ട്രേഡ് യൂണിയനെ നയിക്കും?. പ്രത്യേകിച്ച് പല സ്ഥാപന ഉടമകള്‍ക്കെതിരെയും അതാത് ഇടത്തില്‍ കേസുകള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരുള്ള സംഘടന എന്ന നിലയില്‍.
3) സി.നാരായണന്‍ മുന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് ആ കാരണത്താല്‍ കെ.യു.ഡബ്യു. ജെ. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ സ്വന്തം സ്ഥാപനത്തില്‍ വിപ്പ് ഇറക്കുകയും, അത് ലംഘിച്ചവര്‍ക്കെതിരെ രംഗത്തുവരികയും ചെയ്ത എം.ജെ.യു. നടപടി ശരിയായില്ല എന്ന് പറയാനുള്ള ട്രേഡ് യൂണിയന്‍ ഔചിത്യമുണ്ടോ ഈ സ്ഥാനാര്‍ത്ഥിക്ക്?
4) നാരായണനെ പുറത്താക്കിയ തൊഴിലാളി വിരുദ്ധ നടപടിയില്‍ കേസ് നടത്തുന്നത് യൂണിയനാണെന്നിരിക്കെ, എതിര്‍കക്ഷി സ്ഥാപനമാണെന്നിരിക്കെ, അധ്യക്ഷസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താങ്കളുടെ ആ കേസിലെ നിലപാട് എന്താണ്?
5) സഹപ്രവര്‍ത്തകരുടെ അന്യസംസ്ഥാന സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേസ് പിന്‍വലിക്കാന്‍ താങ്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു പണ്ട്. കമ്പനിയ്ക്ക് വേണ്ടി പാവയെ പോലെ ചലിക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാതെ, നിശബ്ദനായതും എന്തുകൊണ്ടാണ് താങ്കള്‍.
6) കമ്പനി പെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന് കൂട്ടുനിന്ന് തൊഴിലാളി വഞ്ചന നടത്തിയവരിലൊരാളായ താങ്കളെപോലെ ഒരാള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ജയിച്ചാല്‍ എന്തായിരിക്കും സ്വന്തം സ്ഥാപനത്തിലേത് അടക്കമുള്ള തൊഴില്‍ പ്രശ്‌നങ്ങളോടുള്ള തൊഴിലാളി വര്‍ഗ നിലപാട്?
മറ്റൊരു സുപ്രധാന കാര്യം. കേരളത്തില്‍ എത്രയോ വനിതാ മാധ്യമ പ്രവര്‍ത്തകരുണ്ട്. ഒരു വനിത, സംസ്ഥാന അധ്യക്ഷയായി വന്നാലെന്താ കുഴപ്പം? എന്തുകൊണ്ട് പത്രപ്രവര്‍ത്തക യൂണിയന്റെ തലപ്പത്ത് ഒരു സ്ത്രീ തെരഞ്ഞെടുക്കപ്പെടാ. അതൊരു ചരിത്രമാകും. അതല്ലേ കാലഘട്ടത്തിന്റെ അനിവാര്യത. യൂണിയന്‍ പ്രവര്‍ത്തനം മാധ്യമ ഉടമയുടെ കാല്‍ക്കീഴില്‍ കൊണ്ട് കെട്ടുന്നവരല്ലല്ലോ ജയിക്കേണ്ടത്. നിലപാടില്ലാത്ത, അധികാരപ്രേമികളായ, അഴകൊഴമ്പന്‍ ഡിപ്ലോമസിക്കാര്‍ തോല്‍പ്പിക്കപ്പെടേണ്ടേ. അടുപ്പമുള്ള നിരവധി മാധ്യമ സുഹൃത്തുക്കള്‍ സംസ്ഥാന സമിതിയിലേക്ക് മത്സരിക്കുന്നു ഇത്തവണ, അവര്‍ക്കെല്ലാം ആശംസകള്‍. ലാല്‍സലാം
ഇത്തരത്തില്‍ പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.