Pravasimalayaly

കാലവർഷമെത്തി; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. 

കേരളത്തില്‍ ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 

സംസ്ഥാനത്തു തെക്കു പടിഞ്ഞാറൻ കാലവർഷമെത്തിയതായി  കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുമ്പേയാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലുമായിരുന്നു മുൻപ്. തുടക്കത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂൺ പകുതിയോടെ ശക്തമാകും എന്നുമാണ് കണക്കുകൂട്ടൽ. 

Exit mobile version