Pravasimalayaly

മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി പ്രസിഡന്റ് പദവും ഒരുമിച്ച് വഹിക്കാം; തടസ്സമില്ലെന്ന് ഗെഹ്‌ലോട്ട്

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെഹ്‌ലോട്ട്.  ‘നിലവില്‍ മുഖ്യമന്ത്രിയായുള്ള തന്റെ ചുമതല നിറവേറ്റുകയാണ്. അത് തുടരും’-ഗെഹ്‌ലോട്ട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോമിനേഷന്‍ നല്‍കുമെന്ന് ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. 

ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുല്‍ ഗാന്ധിയെ കണ്ട്, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടിയും ഹൈക്കമാന്‍ഡും തനിക്ക് എല്ലാം നല്‍കി. 40-50 വര്‍ഷമായി പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എന്ത് ഉത്തരവാദിത്തം തന്നാലും അത് നിറവേറ്റും’- അദ്ദേഹം പറഞ്ഞു. 

രാജ്യത്താകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്നോട് നോമിനേഷന്‍ ഫോം പൂരിപ്പിക്കാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കില്ലൈന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും ഒരുമിച്ചു വഹിക്കാന്‍ സാധിക്കില്ല എന്നാണ് എഐസിസി തീരുമാനം. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് നോമിനേറ്റ് ചെയ്യുന്നതാണെങ്കില്‍ മാത്രമാണ് മുഖ്യമന്ത്രി പദവി ഒഴിയേണ്ടത് എന്നാണ് ഗെഹ്‌ലോട്ടിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 9,000 പിസിസി അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടതില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. 

ഒരു സംസ്ഥാന മന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹത്തിന് മന്ത്രിയായി തുടര്‍ന്നുതന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് നല്ലതാണെന്നും ശശി തരൂര്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. 

രാജ്‌നാഥ് സിങിന് ശേഷം അമിത് ഷ ബിജെപി പ്രസിഡന്റായി, പിന്നാലെ ജെപി നഡ്ഡയും പ്രസിഡന്റായി. എന്നാല്‍ അതൊന്നും ചര്‍ച്ചയായില്ല. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ തങ്ങള്‍ ഭാഗ്യവാന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നതാണ് തന്റെ ആഗ്രഹം. കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തിളക്കം കിട്ടുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്നില്‍ നിന്ന് പാര്‍ട്ടിക്ക് നേട്ടമുണ്ടാകുന്ന സ്ഥാനത്ത് തുടരുമെന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version