വൈക്കം: മദ്യലഹരിയില്‍ അമ്മയെ അടിച്ചു വീഴ്ത്തിയതിന് ശേഷം വീടിന് സമീപത്തെ തോട്ടില്‍ ചവിട്ടിതാഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റില്‍. വൈക്കപ്രയാര്‍ കണിയാംതറതാഴ്ച വീട്ടില്‍ മന്ദാകിനിയാണ് മരണപ്പെട്ടത്. 76 വയസായിരുന്നു. മകന് ബൈജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആദ്യം ബൈജു മന്ദാകിനിയെ ചെടിച്ചട്ടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് തോട്ടിലേക്ക് തള്ളിയിട്ടു. രക്ഷപെടാന്‍ ശ്രമിക്കവെയായിരുന്നു മന്ദാകിനിയെ തോട്ടില്‍ ചവിട്ടി താഴ്ത്തിയത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ബൈജു കത്തി വീശിയതോടെ പിന്മാറി.
പിന്നീട് കൂടുതല്‍ പേരെത്തി ബൈജുവിനെ കീഴ്പ്പെടുത്തുകയായിരുന്നു. മന്ദാകിനിയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചിട്ടും എത്താന്‍ വൈകിയെന്നാണ് നാട്ടുകാരുടെ ആരോപണം.