കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയില്‍ രാത്രി ഗുണ്ടാവിളയാട്ടം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് അംഗപരിമിതയടക്കം 6 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പായ് വിരിച്ചു കിടന്ന് ഉപരോധസമരം നടത്തി.
ഇന്നലെ രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. രാജീവ് ഗാന്ധി കോളനിയുടെ സമീപത്തെ ഷറഫ്‌നിസ(48)യുടെ കടയില്‍ വടിവാളുമായി എത്തിയ നവാസ് എന്നയാളാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അസഭ്യം പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വീട്ടില്‍ ഷറഫ്‌നിസയുടെ അമ്മ അംഗപരിമിതയായ ഐഷയും (76) 2 കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും ഇയാള്‍ ഭീഷണിപ്പെടുത്തി. പൊലീസിനു നേരെ വടിവാള്‍ വീശുകയും കല്ലെറിയുകയും ചെയ്തു.
പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ഐഷ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ ഉപരോധം നടത്തി. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് എത്തിയെങ്കിലും പൊലീസിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചതെന്നു ഷറഫ്‌നിസ ആരോപിച്ചു. മന്ത്രി വി.എന്‍.വാസവന്‍ ഫോണില്‍ വിളിച്ചു വിവരം അന്വേഷിച്ചതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ സി.ആര്‍.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നവാസിനെ രാത്രി പന്ത്രണ്ടോടെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പരാതിക്കാര്‍ക്കു നേരെ ആക്രോശിച്ച നവാസ് ഭീഷണി മുഴക്കി.