സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

0
363

സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമാ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനം തീരെ പ്രവര്‍ത്തനക്ഷമമല്ലെന്നും വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടത് തങ്ങളുടെ നിയമപരമായ ബാധ്യതയാണെന്ന് സിനിമാ കമ്പനികള്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ ഓര്‍മ്മപ്പെടുത്തി. സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി അന്വേഷണ കമ്മീഷന്‍ നിയപ്രകാരമുണ്ടായിട്ടുള്ള കമ്മിറ്റിയല്ലാത്തതിനാല്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വനിതാ കമ്മീഷന്‍ വിശദീകരിച്ചത്. ഇക്കാര്യം മുന്‍ സാംസ്‌കാരികവകുപ്പുമായി സംസാരിച്ചിരുന്നെന്നും പി സതീദേവി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഡബ്ല്യുസിസി വനിതാ കമ്മീഷന് മുന്നില്‍ വെച്ചത്.

Leave a Reply