വർക്കലയിൽ ബന്ധുവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ ദിവസമാണ് അയിരൂർ സ്വദേശിനിയായ ഷാലു(35) എന്ന യുവതിക്ക് വെട്ടേറ്റത്. സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ഷാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് വീടിന് സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുവായ അനിൽ ഷാലുവിനെ വെട്ടി പരിക്കേൽപിച്ചത്.
കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മരണമടഞ്ഞത്. രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഷാലു വെട്ടേറ്റ് വീണ സമയത്ത് ആശുപത്രിയിലെത്തിക്കാൻ അനിൽ ബന്ധുക്കളെ അനുവദിച്ചില്ല. കത്തിയുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
അനിലും ഷാലുവും അടുത്തടുത്തുള്ള വീടുകളിലാണ് താമസം. അനിലിന് ഷാലുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ഈ കാരണത്താലാണ് ആക്രമണം നടന്നതെന്നുമാണ് നിഗമനം. അനിലിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് അനിൽ ഷാലുവിനെ ആക്രമിച്ചത്.