വനിതാ ദിനത്തില്‍ ചരിത്രമെഴുതി കേരള ഹൈക്കോടതി: ഇന്ന് കേസുകള്‍ പരിഗണിക്കുന്നത് വനിതാ ജഡ്ജിമാരുടെ ഫുള്‍ ബെഞ്ച്

0
413

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ചരിത്രത്തില്‍ ആദ്യമായി കേരള ഹൈക്കോടതിയില്‍ വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി ഷിര്‍സി, എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

നേരത്തെ ഹര്‍ജി പരിഗണിച്ച ഫുള്‍ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി ഷിര്‍സിയെ പുതുതായി ഉള്‍പ്പെടുത്തിയത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ് നടക്കുന്നത്. അതേസമയം ലോകം വലിയ ആഘോഷങ്ങള്‍ക്കാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരുങ്ങുന്നത്. സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗ സമത്വം എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുക്രൈനിലെ യുദ്ധത്തില്‍ എല്ലാ നഷ്ടമായി, പിഞ്ചോമനകളെ ചേര്‍ത്ത് പിടിച്ച് നിസ്സഹായരായി നില്‍ക്കുന്ന യുക്രൈന്‍ അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്.

1975ല്‍ ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക. ഐക്യരാഷ്ട്രസഭ നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തെയും സംഭാവനകളെയും ആദരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പക്ഷേ മറുവശത്ത് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ അടക്കം വര്‍ധിച്ച് വരികയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നതാണ് ഇക്കാലത്തെ പ്രധാന ചോദ്യം.

Leave a Reply