Pravasimalayaly

വനിത ദിനത്തിൽ സംസ്‌ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിത ഓഫീസർമാർക്ക്

അന്താരാഷ്ട്ര വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരള പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍.
വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരുമുള്ള സ്റ്റേഷനുകളില്‍ അവര്‍ സ്റ്റേഷന്റെ ചുമതല വഹിക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പൊലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും വനിതാ ഉദ്യോഗസ്ഥയായിരിക്കും. അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ വനിതാ കമാന്‍ഡോകളായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാഡ്യൂട്ടിക്കും വനിതാ കമാന്‍ഡോമാരെ നിയോഗിക്കും.
കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സിസിടിഎന്‍എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നല്‍കും.

Exit mobile version