രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിക്ക് സമവായമുണ്ടാക്കാനുള്ള നീക്കങ്ങൾക്കിടയിലാണ് ശരത് പവാർ തന്റെ ഭാഗം വ്യക്തമാക്കിയത്.
‘ഞാൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിനില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാകില്ല,’ അദ്ദേഹം പറഞ്ഞു. എൻ.സി.പി കാബിനറ്റ് അംഗങ്ങൾ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മുംബൈയിൽ എത്തിയപ്പോൾ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പവാറിന്റെ പേര് അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു.
പവാറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് കൂടിയാലോചിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞിരുന്നു.
പവാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും രാഷ്ട്രപതി ഭവനിൽ തഴച്ചിടുന്നത് അദ്ദേഹം ആഗ്രിക്കുന്നുണ്ടാകില്ലെന്നും ഖാർഗെ പറഞ്ഞിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ നീക്കം പവാർ തള്ളിയതോടെ, മമത ബാനർജി നാളെ വിളിച്ച യോഗം നിർണായകമായി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. പവാറും യോഗത്തിനായി ദില്ലിയിൽ എത്തും. പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ സാഹചര്യത്തിൽ നാളെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്.