Pravasimalayaly

വേൾഡ് കബഡി ചാമ്പ്യൻഷിപ്പിനായുള്ള യു കെ ടീമിൽ അംഗമാകുവാൻ ഇപ്പോൾ അവസരം

ഒക്ടോബർ മാസം 29,30,31 തീയതികളിൽ സൈപ്രസിൽ നടക്കുന്ന വേൾഡ് കബഡി ചാമ്പ്യൻഷിപ്പിനുള്ള യു കെ ടീമിന്റെ സെലക്ഷൻ ബർമിങ്ഹാം, ലണ്ടൻ ഗ്ലോസ്റ്റർ, നോട്ടിങ്ഹാം, മാഞ്ചേസ്റ്റർ എന്നിവിടങ്ങളിൽ നടക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക.

ഫോൺ : O7500721711, O7534646212

ആരോഗ്യ പരിപാലനവും കായിക ശേഷിയ്ക്കും കൂടുതൽ ശ്രദ്ധ പതിയുന്നത്തോടെ കബഡിയ്ക്കുള്ള പ്രധാന്യവും ഏറിവരികയാണ്. കായിക പ്രേമികൾക്കും കബഡി താരങ്ങൾക്കുമുള്ള മികച്ച അവസരമാണ് വേൾഡ് കബഡി ചാമ്പ്യൻഷിപ്പ്. കായിക വിനോദങ്ങളോട് താല്പര്യമുള്ള ആർക്കും കബഡിയിൽ ഒരു കൈ നോക്കാവുന്നതാണ്. ശരീരത്തിന് ഉണർവും മത്സര ക്ഷമതയും വാശിയും നൽകുന്ന കബഡി മത്സരത്തിന് പുതുമുഖങ്ങൾക്കും അവസരമുണ്ട്.

https://pravasimalayaly.com/wp-content/uploads/2021/08/VID-20210829-WA0048.mp4

കളി നിയമങ്ങൾ
കബഡി കളി ആസ്വദിക്കുവാൻ തികച്ചും ലളിതമായ കളി നിയമങ്ങൾ അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിരിക്കുന്ന കബഡി നിയമങ്ങളാണ്‌ ഇതോടൊപ്പം.

കളിയുടെ സമയം
20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ്‌ കബഡി കളിയുടെ ആകെ ദൈർഘ്യം. ആദ്യ 20 മിനുട്ടിന്‌ ശേഷം ഇരു ടീമുകളും കോർട്ടിലെ സ്ഥാനം പരസ്പരം മാറുന്നു.

കളിക്കളം
13 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ്‌ കബഡി കളിക്കുള്ള കളിക്കളത്തിന്‌ ഉണ്ടാകുക.

ബോൾക്ക് ലൈൻ: കളത്തിന്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകൾ ഉണ്ടാകും. ഇതിൽ ആദ്യത്തെ വര ബോൾക്ക് ലൈൻ എന്നറിയപ്പെടുന്നു. റൈഡിന്‌ എത്തുന്ന കളിക്കാരൻ എതിർ ടീമിന്റെ കോർട്ടിലെ ഈ ബോൾക്ക് ലൈൻ മുറിച്ചു കടന്നാൽ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ.
ബൊണസ് ലൈൻ: കളത്തിന്‌ കുറുകെയുള്ള രണ്ടാമത്തെ വരയാണ്‌ ബോണസ് ലൈൻ. എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ലോബി: കളത്തിന്റെ ഇരു വശത്തും മഞ്ഞ നിറത്തിലുള്ള ഭാഗമാണ്‌ ലോബി. റൈഡറായി വരുന്ന കളിക്കാരനും, എതിർ ടീമിലെ കളിക്കാരനും തമ്മിൽ സ്പർശിക്കുമ്പോൾ മാത്രമേ ഈ ഭാഗം കോർട്ടിന്റെ ഭാഗമായി കണക്കാക്കുകയുള്ളൂ. കളിക്കാർ സ്പർശിക്കാതെ ഈ ഭാഗത്തേക്ക് പോയാൽ കളിക്കളത്തിന്‌ വെളിയിൽ കടന്നതായി കണക്കാക്കും.
കളിക്കാർ
12 കളിക്കാരാണ്‌ ഓരോ ടീമിലും ഉണ്ടാകുക. എന്നാൽ 7 പേർ മാത്രമാണ്‌ കളിക്കളത്തിൽ ഉണ്ടാകുക. ഇരു ടീമിലേയും 14 കളിക്കാരുമായിട്ടാണ്‌ മത്സരം ആരംഭിക്കുക.

കോർണർ: ടീമിന്റെ കളത്തിൽ ഇരു വശത്തും നിൽക്കുന്ന കളിക്കാരെ കോർണർ എന്നാണ്‌ അറിയപ്പെടുക. ഒരു ടീമിൽ 2 കോർണർ കളിക്കാർ ഉണ്ടാകും. ടീമിന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന ഇവരായിരിക്കും പ്രതിരോധം തീക്കുന്നതിൽ മുന്നിൽ നിൽക്കുക.
ഇൻസ്: കോർണർ കളിക്കർക്കൊപ്പം അവരോട് ചേർന്ന് 2 പേരുണ്ടാകും. ഇവരാണ്‌ ഇൻസ്. എതിർ ടീമിന്റെ കളത്തിലേക്ക് റൈഡിനായി പോകുന്നത് ഇവരായിരിക്കും.
കവർ: മധ്യഭാഗത്തുള്ള കളിക്കാരന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന 2 കളിക്കാർ കവർ എന്നാണ്‌ അറിയപ്പെടുക.
സെന്റർ: കളിക്കാരുടെ മധ്യഭാഗത്ത് നിലയുറപ്പിക്കുന്നയാൾ സെന്റർ എന്നറിയപ്പെടുന്നു. ഇദ്ദേഹം ടീമിലെ ആൾ റൗണ്ടർ അല്ലെങ്കിൽ റൈഡർ ആയിരിക്കും

റൈഡ്
ഒരു കളിക്കാരൻ എതിർടീമിന്റെ കളത്തിൽ പ്രവേശിക്കുന്നതിനെയാണ്‌ റൈഡ് എന്ന് പറയുന്നത്. എതിർ ടീമിന്റെ കളത്തിലെ ബോൾക്ക് ലൈൻ ഭേദിച്ച് പ്രതിരോധിക്കുന്ന കളിക്കാരെ സ്പർശിച്ച ശേഷമോ, അതല്ലെങ്കിൽ ബോണസ് ലൈൻ ഭേദിച്ച ശേഷമോ തിരികെ തന്റെ കളത്തിൽ എത്തുക എന്നതായിരിക്കും ഓരോ റൈഡറിന്റെയും ലക്ഷ്യം. 30 സെക്കന്റ് മാത്രമാണ്‌ ഒരു റൈഡിന്റെ ദൈർഘ്യം. മാത്രമല്ല റൈഡർ ഒരു ശ്വാസം മാത്രമേ എടുക്കാവൂ. ഇത് വ്യക്തമാക്കാൻ ‘കബഡി കബഡി’ എന്ന് ഉച്ഛരിച്ചു കൊണ്ടിരിക്കണം.

പോയിന്റുകൾ സ്വന്തമാക്കുന്ന വിധം
ബോണസ് പോയിന്റ്: എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ടച്ച് പോയിന്റ്: ഒരു റൈഡർ എതിർ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോൾ ലഭിക്കുന്നതാണ്‌ ടച്ച് പോയിന്റ്. ഒരു കളിക്കാരന്‌ ഒരു പോയിന്റ് എന്ന രീതിയിലാണ്‌ സ്കോർ ലഭിക്കുക. മാത്രമല്ല, റൈഡർ തൊട്ട എതിർടീമിലെ കളിക്കാരൻ കളത്തിൽ നിന്ന് പുറത്തു പോകുകയും ചെയ്യും.
റിവൈവൽ: ഒരു റൈഡർ, എതിർ ടീമിലെ എത്ര അംഗങ്ങളെ പുറത്താക്കുന്നുവോ, അത്ര തന്നെ തന്റെ ടീമിൽ നിന്ന് പുറത്തായ കളിക്കാരെ കളത്തിൽ തിരികെയെത്തിക്കാം. ഇതിനെയാണ്‌ റിവൈവൽ എന്ന് പറയുന്നത്.
ട്രാക്കിൾ പോയിന്റ്: ഒരു റൈഡർ എതിർ ടീമിന്റെ കളത്തിൽ പ്രവേശിച്ച് കളിക്കാരെ സ്പർശിക്കുന്നതിൽ നിന്ന്, അല്ലെങ്കിൽ ബോണസ് ലൈൻ കടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് റൈഡറെ പ്രതിരോധിക്കുക എന്നതാണ്‌ എതിർടീമിന്റെ ലക്ഷ്യം. അതിനു വേണ്ടി റൈഡറെ അവർ ട്രാക്കിൾ ചെയ്യുന്നു. കൈയിൽ അല്ലെങ്കിൽ കാലിൽ, പിടിച്ചാണ്‌ ട്രാക്കിൾ ചെയ്യുക. വസ്ത്രത്തിൽ പിടിച്ചു വലിക്കാൻ അനുമതിയില്ല. ഇങ്ങനെ നിലത്തു വീഴ്ത്തി റൈഡർ തന്റെ കോർട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. അപ്പോൾ ആ ടീമിന്‌ ഒരു പോയിന്റ് ലഭിക്കുന്നു. ഇതാണ്‌ ട്രാക്കിൾ പോയിന്റ്.
ആൾ ഔട്ട്: റൈഡർ തൊടുന്നതനുസരിച്ച് എതിർ ടീമിലെ അംഗങ്ങൾ പുറത്താകും. ഇങ്ങനെ എല്ലാ അംഗങ്ങളും പുറത്താകുന്നതാണ്‌ ആൾ ഔട്ട്. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന്‌ 2 പോയിന്റ് ലഭിക്കുന്നു.

സ്പെഷ്യൽ ഇവന്റ്സ്
എംറ്റി റൈഡ്: ഒരു റൈഡർ എതിർ ടീമിന്റെ ബോൾക്ക് ലൈൻ കടന്ന ശേഷം കളിക്കാരെ സ്പർശിക്കാതെയോ, ബോണസ് ലൈൻ കടക്കതെയോ തിരികെ എത്തിയാൽ ഇരു ടീമിനും പോയിന്റ് ലഭിക്കില്ല. ഇതിനെ എംറ്റി റൈഡ് എന്ന് പറയുന്നു.
ഡു ഓർ ഡൈ റൈഡ്: ഒരു ടീം അയക്കുന്ന റൈഡർ തുടർച്ചയായി രണ്ടു പ്രാവശ്യം പോയിന്റുകൾ ഒന്നും നേടാതെ തിരികെ എത്തിയാൽ, മൂന്നാമത്തെ റൈഡ് ഡു ഓർ ഡൈ റൈഡ് ആയി കണക്കാക്കും. ഇതിലും പോയിന്റ് ലഭിച്ചില്ലെങ്കിൽ റൈഡർ പുറത്താകുകയും എതിർ ടീമിന്‌ ഒരു പൊയിന്റ് ലഭിക്കുകയും ചെയ്യുന്നു.
സൂപ്പർ റൈഡ്: ഒരു റൈഡിൽ നിന്ന് തന്നെ റൈഡർ ടച്ച് പോയിന്റും ബോണസ് പോയിന്റുമായി 3 പോയിന്റ് നേടിയാൽ അതിനെ സൂപ്പർ റൈഡ് ആയി കണക്കാക്കുന്നു.
സൂപ്പർ ട്രാക്കിൾ: 3 അല്ലെങ്കിൽ അതിൽ താഴെ കളിക്കാർ ഉള്ള ടീം റൈഡിനു വരുന്ന കളിക്കാരനെ ട്രാക്കിൾ ചെയ്തു വീഴ്ത്തിയാൽ അത് സൂപ്പർ ട്രാക്കിൾ ആയി കാണുന്നു.

Exit mobile version