ഷവോമി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഫോണായ ഷവോമി മി 11 അള്‍ട്ര ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്ന് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരട്ട ഡിസ്‌പ്ലേയും മികച്ച ഫീച്ചറുകളുമുള്ള ഈ ഫോണ്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ഇത് വിപണിയില്‍ എത്തിയിരുന്നില്ല.
മി 11 എക്‌സ്, മി 11 എക്‌സ് പ്രോ, മി 11 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ മി 11 സീരീസിന്റെ നിരവധി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ ഏപ്രിലില്‍ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുതിയ മി 11 സീരീസ് ഫോണ്‍ മി 11 ലൈറ്റും ഇന്ത്യയില്‍ അവതരിപ്പിച്ചു. ബാക്കി Mi 11 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ടെങ്കിലും Mi 11 അള്‍ട്രയുടെ വില്‍പ്പന ഇതുവരെ ഇന്ത്യയില്‍ ആരംഭിച്ചിട്ടില്ല. കൊറോണയുടെ രണ്ടാം തരംഗം കാരണം കയറ്റുമതി വൈകിയതായും വില്‍പ്പന ആരംഭിക്കാന്‍ കഴിയുന്നില്ലെന്നും കമ്പനി അറിയിച്ചു.
69,999 രൂപ വിലയില്‍, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് മി 11 അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചത്. 6.81 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 3200 × 1440 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍, 120Hz റിഫ്രഷ് റേറ്റ് തുടങ്ങിയ സവിശേഷതകളുള്ള ഈ ഫോണിന് പിന്‍വശത്ത് 1.1 ഇഞ്ചിന്റെ സെക്കന്‍ഡറി ഡിസ്‌പ്ലേകൂടിയുണ്ട്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത എംഐ യുഐ 12.5 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 5 ജി പ്രോസസറാണുള്ളത്.
67W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയാണ് Mi 11 അള്‍ട്രയുടെ കരുത്ത്. ഈ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 36 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു. 10W റിവേഴ്‌സ് ചാര്‍ജിംഗിനെയും ഫോണ്‍ പിന്തുണയ്ക്കുന്നു. മി 11 അള്‍ട്രയുടെ ക്യാമറയെക്കുറിച്ച് പറയുമ്പോള്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 50 എംപി പ്രൈമറി സെന്‍സറും സെല്‍ഫിക്കായി 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇതിന്റെ ദ്വിതീയ പിന്‍ ക്യാമറ 48 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും മൂന്നാമത്തെ ക്യാമറ 48 എംപി അള്‍ട്രാവൈഡ് ലെന്‍സുമാണ്. 120X സൂം പിന്തുണ ഈ ഫോണില്‍ ലഭ്യമാണ്.