Pravasimalayaly

ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ; ആലുവയില്‍ സിആര്‍പിഎഫ് സംഘം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ആലുവയിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്കാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആര്‍എസ്എസ് കാര്യാലയമായ കേശവ സ്മൃതിയിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആലുവയില്‍ അമ്പതുപേരുള്ള ഒരു സിആര്‍പിഎഫ് സംഘത്തെ വിന്യസിച്ചു. 

സിആര്‍പിഎഫ് പള്ളിപ്പുറം യൂണിറ്റില്‍ നിന്നാണ് ഉദ്യോഗസ്ഥരെത്തിയത്. ആര്‍എസ്എസ് കാര്യാലയത്തില്‍ താമസിക്കുന്നവരുടെയടക്കം വിവരങ്ങള്‍ ശേഖരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.  

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

കരുനാഗപ്പള്ളി എസിപി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് അബ്ദുള്‍ സത്താറിനെ കൊണ്ടുപോയി.

ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്.

ഇവിടെ രാവിലെ എത്തിയ അബ്ദുള്‍ സത്താര്‍, പിഎഫ്ഐയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ സത്താറും പ്രതിയാണെന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഒളിവിലാണെന്നും എന്‍ഐഎ സൂചിപ്പിച്ചിരുന്നു.

Exit mobile version