പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീല്‍ കന്നട താരം യാഷ് വേണ്ടെന്ന് വച്ച സംഭവമാണ് കയ്യടി നേടുന്നത്. പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ യാഷ് നിരസിച്ചത്.
പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. ഫാന്‍സിന്റേയും ഫോളോവേഴ്സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. യാഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.
കെജിഎഫിന്റെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തില്‍ യാഷിന് കൈവന്ന പാന്‍ ഇന്ത്യന്‍ പ്രതിച്ഛായ കൂടി കണക്കിലെടുത്താണ് താരം ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സമയത്ത് താരം നല്‍കുന്ന തെറ്റായ സന്ദേശം നിരവധി പേരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും യാഷിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.