Pravasimalayaly

രാഷ്ട്രപതി തെരഞ്ഞെടുപ്പ്;പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധനാണെന്ന് യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകായാന്‍ സാധ്യതയേറി. മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറിയിച്ചതായാണ് സൂചന. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയമായിരിക്കുന്നു എന്ന് യശ്വന്ത് സിന്‍ഹ ട്വിറ്ററിലൂടെ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി തനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും നന്ദിയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനുള്ള തീരുമാനം മമത അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും യശ്വന്ത് സിന്‍ഹ ട്വീറ്റില്‍ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചേരും.

ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ്. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version