സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത രണ്ട് ദിവസവും 13 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.