കാഷായത്തില്‍ നിന്ന് അധികാത്തിലേക്ക്, യുപിയില്‍ രണ്ടാം തവണയും അധികാരം പിടിച്ച യോഗി ആദിത്യനാഥിന്റെ ജീവിത കഥ ഇങ്ങനെ

0
346

കാഷായ വേഷം ചുറ്റിയ ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗിയുടെ വരവോടെയാണ്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പൂർ എംപിയും പിന്നാലെ മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുന്ന പല സംഭവങ്ങളും അരങ്ങേറി. ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണം തുടങ്ങി അനിഷ്ട സംഭവങ്ങൾ നിരവധി….പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിൽ ജനിച്ച യോഗി ആദിത്യനാഥിന്റെ യഥാർത്ഥ പേര് അജയ് മോഹൻ ബിഷ്ട് എന്നായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടി.

പഠനത്തിന് പിന്നാലെ ആത്മീയവഴി തെരഞ്ഞെടുത്ത യോഗി, ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. അവിടെ വച്ചാണ് യോഗി ആദിത്യനാഥ് എന്ന പേര് ലഭിച്ചത്. 1990 ൽ അയോധ്യയിൽ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വീട് വിട്ടു. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. ഇതിന് നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.

Leave a Reply