Pravasimalayaly

വിപിന്‍ ചന്ദിനെ അനുസ്മരിച്ച് സൗഹൃദ വേദി;മന്ത്രി വീണ ജോര്‍ജും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തു

തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ മരിച്ച മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്റെ അനുസ്മണം ഓണ്‍ലൈനായി നടത്തി. വിപിന്‍ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

വിപിന്‍ ചന്ദിന്റെ വേര്‍പാടിലൂടെ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. മാധ്യമ ലോകത്തെ സൗമ്യമുഖമായിരുന്നു വിപിനെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും വിപിന്റെ സഹപ്രവര്‍ത്തകയുമായിരുന്ന വീണ ജോര്‍ജ് ഓര്‍മ്മിച്ചു. വിപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം ഉള്‍പ്പടെ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വിപിന് ചന്ദിന് അനുസ്മരണം ഒരുക്കിയ സൗഹൃദ കൂട്ടായ്മയ്ക്ക് ഭാര്യ ശ്രീദേവി നന്ദി അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.പി. റെജി, എം.ജി. സര്‍വകലാശാല ജേര്‍ണലിസം വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. ലിജിമോള്‍ ജേക്കബ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഷാലു മാത്യു, മാധ്യമപ്രവര്‍ത്തകരായ എം.എസ്. ശ്രീകല, അനുപമ, റിബിന്‍ രാജു, അഞ്ജന ശശി, സിനു കെ. ചെറിയാന്‍, ധനിത് ലാല്‍, അരവിന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിപിന്‍ ചന്ദിന്റെ സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ വിപിന്‍ കോവിടാനന്തരം ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്

Exit mobile version