കോട്ടയം; കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാൻ ഗുണ്ടാ സംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. കത്തിക്കുത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാൽ ഷാന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.