തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നൂറു കിലോമീറ്റര്‍ സൈക്കിള്‍ യാത്ര രാജ്ഭവനു മുന്നില്‍ സമാപിച്ചു. മോദി സര്‍ക്കാരിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ട് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സൈക്കിളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് ഷാഫി പറമ്പലിനു പിന്നില്‍ അണിനിരന്നത്. രാജ്ഭവന് മുന്നില്‍ യാത്ര എത്തിച്ചേര്‍ന്നപ്പോള്‍ സമാപന യോഗം കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രയാസങ്ങളും മനസിലാക്കാത്ത ഒരു ഇരുമ്പു മനസുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരായി കേന്ദ്ര സര്‍ക്കാര്‍ മാറി. ഇന്ധനവില നൂറുരൂപ കടന്നിരിക്കുന്നു. ഗ്യാസ് വില കൂടുന്നു. ജനങ്ങളും ജീവിതത്തിന്റെ ബജറ്റ് തകര്‍ന്നിരിക്കുന്നു. അതിനിടയില്‍ കോവിഡും വന്ന് ജനങ്ങള്‍ പട്ടിണിയിലാണ്. ഇതെല്ലാം കണ്ടിട്ട് ഒന്നും അറിയില്ല കേട്ടില്ല എന്ന മനോഭാവമാണ് മോദിയുടേത്. യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 50 രൂപ പെട്രോളിന് ആയപ്പോള്‍ കാളവണ്ടി യാത്ര നടത്തിയ ബി.ജെ.പിയാണ് ഇന്ന് ഭരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കണ്ടെല്ലെന്ന് നടിക്കുകയാണ്. നികുതി കുറക്കാന്‍ അവരും തയ്യാറാകുന്നില്ല. ജനാധിപത്യ മര്യാദകളെ തച്ചുടച്ച് തകര്‍ത്ത് തരിപ്പണമാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായുള്ള പോരാട്ടം അവസാനിപ്പിക്കുന്നത് ആ ഭരണകര്‍ത്താക്കളുടെ ഭരണത്തിന്റെ അവസാനം കണ്ടിട്ട് മാത്രയിരിക്കുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
യു.പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ക്രൂടോയില്‍ വില ഉയര്‍ന്നിട്ടും അന്ന് വില കൂട്ടിയിട്ടില്ല. കൂടാതെ അന്നത്തെ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ 618 കോടി രൂപയുടെ അധിക ടാക്‌സ് ജനങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കിയെന്ന് റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഇന്ധന വില വര്‍ദ്ധവ് മൂലം പൊറുതിമുട്ടിയ സാഹചര്യം എന്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞില്ലെന്നും ഇത് സൂചിപ്പിക്കുന്നത് രണ്ട് സര്‍ക്കാരുകളും ജനദ്രോഹ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.
സമാപന യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മുന്‍ മന്ത്രി കെ.സി ജോസഫ്, എം.എല്‍മാരായ മാത്യുകൂഴനാടന്‍, എം. വിന്‍സെന്റ്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.ടി തോമസ്, ടി സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറിമാരായ ജ്യോതികുമാര്‍ ചാമക്കാല, കെ.എസ് ഗോപകുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ എം. ലിജു, വി.ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥ്, എന്‍.എസ് നുസൂര്‍, എസ്.എം ബാലു, റിജില്‍ മാങ്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഫൈസല്‍ കുളപ്പാടം, അരുണ്‍ കെ.എസ്, എം.പി പ്രവീണ്‍, ജോബിന്‍ ജേക്കബ്, നിനോ അലക്‌സ്, ലിന്റോ പി ആന്റോ, സെക്രട്ടറിമാരായ വിനോദ് കോട്ടുകാല്‍, ജോമോന്‍, മഹേഷ് ചന്ദ്രന്‍, ജെ. എസ് അഖില്‍, ശരത്, അരുണ്‍ എസ്.പി, നേമം ഷജീര്‍ ജില്ലാ പ്രസിഡന്റ് സുധീര്‍ഷ പാലോട് എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഫഌഗ് ഓഫ് ചെയ്ത സൈക്കിള്‍ യാത്രയാണ് നൂറു കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ രാജ്ഭവന് മുന്നില്‍ സമാപിച്ചത്.