ലോക കേരള സഭ ബഹിഷ്‌കരിച്ച നടപടിയില്‍ വിമര്‍ശനവുമായി പ്രതിനിധികള്‍. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാണ് സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതെന്നും സ്വന്തമായി ടിക്കറ്റെടുത്ത് വരുന്നവര്‍ക്ക് ഭക്ഷണം തരുന്നതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചു.
മൂന്നാം ലോക കേരള സഭയില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. ഭക്ഷണം തരുന്നത് ധൂര്‍ത്താണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നായിരുന്നു എം.എ.യൂസഫലിയുടെ പ്രതികരണം.
കാല കാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഃഖിപ്പിക്കരുത്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണം. അതില്‍ നമുക്ക് അനുഭവങ്ങളുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തറക്കല്ലിട്ട കൊച്ചി വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനായിരുന്നു. അതില്‍ പങ്കെടുത്തത് ബിജെപി സിവില്‍ ഏവിയേഷന്‍ മന്ത്രിയാണ്. കെ.കരുണാകരും ഇ.കെ.നയനാരും വികസനത്തിന് വേണ്ടി യോജിച്ചു. അത്തരത്തിലുള്ള യോജിപ്പാണ് നമുക്ക് ആവശ്യം.
ലോക കേരള സഭയില്‍ ഈ തവണയും കഴിഞ്ഞ തവണയും അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രതിപക്ഷം വിട്ടു നിന്നു. നാലു കോടിയാണ് ഇതിന്റെ ചിലവെന്നാണ് പറയുന്നത്. അത് കൊടുക്കാന്‍ കഴിവില്ലാത്തവരല്ല ഇതില്‍ പങ്കെടുക്കുന്നത്. അവര്‍ വിചാരിച്ചാല്‍ ഈ ചിലവ് സ്വന്തമായി തന്നെ വഹിക്കാന്‍ കഴിയും. പക്ഷേ ഒരു സര്‍ക്കാര്‍ പദ്ധതിയെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പ്രവാസികള്‍ക്ക് പറയാനുള്ളതും മന്ത്രിമാര്‍ക്ക് പറയാനുള്ളതും മറ്റിടങ്ങളില്‍ നിന്നുമെല്ലാമെത്തിയവര്‍ പരസ്പരം സംവാദിക്കുകയാണ്. ഏതെങ്കിലും കാലത്ത് ഇപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ പ്രതിക്ഷത്ത് വന്നാല്‍ പോലും ഇത് ബഹിഷ്‌കരിക്കരുത്. നേതാക്കള്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ അവര്‍ക്ക് നല്ല വാഹനമൊരുക്കുന്നു, താമസ സൗകര്യമൊരുക്കുന്നു നല്ല ഭക്ഷണം കൊടുക്കുന്നു. അതെല്ലാം നമ്മുടെ കടമ പോലെ ചെയ്യാറുണ്ട്. എന്നാല്‍ പ്രവാസികള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുമ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് പറയുന്നത് വില വിഷമം ഉണ്ടാക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.
ധൂര്‍ത്ത് എന്ന പറഞ്ഞ് പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതിനെ സ്പീക്കര്‍ എം.ബി.രാജേഷും പരോക്ഷമായി വിമര്‍ശിച്ചു. പ്രവാസികളില്‍ നിന്ന് ഇങ്ങോട് എന്തു കിട്ടുവെന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അനാരോഗ്യം മൂലം മുഖ്യമന്ത്രി എത്തിയില്ല.