Pravasimalayaly

സീറോ മലബാർ, മലങ്കര കത്തോലിക്കാ സഭകൾ ഏറ്റുമുട്ടലിലേക്കോ

കോട്ടയം: നാർകോട്ടിക് ജിഹാദ് വിവാദത്തിനു പിന്നാലെ സീറോ മലബാർ മലങ്കര കത്തോലിക്കാ സഭകൾ ഏറ്റുമുട്ടലിലേക്കോ? . മലങ്കര കത്തോലിക്കാ സഭ പി ആർ ഒ ഫാ.ബോവാ സ് മാത്യുവിൻ്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഈ സൂചനകൾ നല്കുന്നത്. കർദിനാൾ ക്ലീമിസ് വിളിച്ച മതമേലധ്യക്ഷൻമാരുടെ യോഗത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയുള്ള വിവാദങ്ങൾക്ക് ഒടുവിലാണ് ഇന്നലെ ഫാ.ബോവാസിൻ്റെ ഫേസ് ബുക്ക് പോസ്റ്റ. പോസ്റ്റ് ചുവടെ അത്യഭിവന്ദ്യ ക്ലീമിസ് കാതോലിക്കാബാവ തിരുമേനി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഒരു മത സൗഹാർദ്ദ സമ്മേളനം വിളിച്ചു . വിവിധ മത സമുദായങ്ങളുടെയും വിവിധ ക്രൈസ്തവ സഭകളുടെയും പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു. അടിയന്തിര പ്രാധാന്യമുള്ള യോഗമായതിനാൽ അതിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുവാൻ സാധിക്കുമോ എന്ന് സന്ദേഹം ഉണ്ടായിരുന്നു. എന്നാൽ സീറോ മലബാര് സഭയുടെയും സി എസ് ഐ സഭയുടെയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തില്ല. സി എസ് ഐ മോഡറേറ്റർ അഭിവന്ദ്യ ധർമരാജ് റസാലം തിരുമേനി തൊട്ടടുത്ത ദിവസം ബാവായെ കണ്ടു, വരാൻ കഴിയാത്ത സാഹചര്യം അറിയിച്ചു. പരിശ്രമങ്ങളെ പൊതുചടങ്ങിൽ വച്ച് പരസ്യമായി അഭിനന്ദിച്ചു. ചങ്ങനാശേരി ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് തിരുവനന്തപുരം വരെ വന്നു. സമ്മേളനത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാം എന്ന് സമ്മതിച്ചു വാർത്ത വരുത്തി, പങ്കെടുക്കാതെ വാർത്തയിൽ നിറഞ്ഞു മിടുക്കനായി. വല്ലാത്ത ബുദ്ധി… ആരുടെയാണോ ആവോ? ഈ സമ്മേളനത്തിന്റെ സാഹചര്യം, ലക്‌ഷ്യം എന്തായിരുന്നു ?അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗവും തുടന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ആയിരുന്നു സാഹചര്യം. ആരോ ചോദിച്ചു, ഇവിടെ മത സൗഹാർദ്ദത്തിന് എന്ത് സംഭവിച്ചു എന്ന്? സത്യസന്ധമായി പറഞ്ഞാൽ നാമെല്ലാം എപ്പോഴും അഭിമാനത്തോടെ പറയുന്ന സൗഹൃദ അന്തരീക്ഷം ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ല. അത് പാലാ പിതാവ് പ്രസംഗിച്ചത് കൊണ്ട് പോയതല്ല. ഇവിടുത്തെ രാഷ്ട്രീയക്കാരും ചാനലുകളും മുഖ്യധാരാ അച്ചടി മാധ്യമങ്ങളും സോഷ്യൽ മീഡിയായും ചേർന്ന് നമ്മുടെ സൗഹൃദ അന്തരീക്ഷത്തെ വല്ലാതെ തകർത്തിട്ടുണ്ട്. ഇത് നാം അറിയാതെ പോകരുത് . ഇതിനിടയിൽ കത്തോലിക്കാ സഭയിൽ നിന്നും ഒരുപറ്റം വൈദികർ ഉൾപ്പെടെ അനേകം പേർ ഒരു തരത്തിലും നാം പ്രതികരിക്കേണ്ടാത്ത തീവ്രവാദ പ്രസംഗങ്ങൾക്ക്‌ അതെ നാണയത്തിൽ മറുപടി പറയാൻ തുടങ്ങി . പലരുടെയും സമയവും ഊർജവും പൂർണമായും വിദ്വേഷ പ്രസംഗങ്ങൾക്കു വേണ്ടി മാറി. ഫലമോ നാം ആഗ്രഹിക്കാതെ, അറിയാതെ നമ്മിൽ നിന്ന് ഊർജം സ്വീകരിച്ചു ഒരു തീവ്രഗ്രൂപ് നമ്മുടെ ഇടയിലും രൂപപ്പെട്ടു . ഒടുവിൽ ഇത് സമുദായങ്ങൾ തമ്മിൽ ഉള്ള മത്സരവും സ്പർധയുമായി മാറി. ഈ സാഹചര്യത്തിലാണ് പാലാ പിതാവിന്റെ പ്രസംഗം. പിതാവ് പറഞ്ഞത് സത്യമാണെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തത്? പക്ഷെ പിതാവിന്റെ ലക്‌ഷ്യം ഇരു സമുദായങ്ങൾ തമ്മിലുള്ള വഴക്കല്ലല്ലോ? ഉന്നയിച്ച വിഷയം ചർച്ച ചെയ്യപ്പെടാതെ വാക്കുകളുടെ അർത്ഥം തലനാരിഴകീറി പരിശോധിക്കുന്നതിൽ ശ്രദ്ധ മാറി. മയക്കുമരുന്നും തീവ്രവാദവും ചർച്ച ചെയ്യപ്പെടുന്നതിനു പകരം ഇത് സമുദായങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വേദിയായി. ഇത് കണ്ടില്ലന്നു നടിക്കുവാൻ നമുക്ക് കഴിയുമോ?ക്ളീമിസ് ബാവായ്ക്ക് എന്താണ് ഈ വിഷയത്തിൽ താൽപര്യം?പാലാ പിതാവുമായി വളരെ അടുപ്പവും ആശയ വിനിമയവും ഉള്ള വ്യക്തിയാണ് ക്ളീമിസ് ബാവാ. അതുകൊണ്ടാണ് ഈ വിഷയത്തെ സംബന്ധിച്ച കത്തുന്ന ചർച്ചകൾ ചാനലുകളിൽ നടക്കുമ്പോൾ News 24-ൽ ഇതിനെ സംബന്ധിക്കുന്ന ലൈവ് ചർച്ചയിൽ ബാവാ പങ്കെടുക്കുവാൻ പോയത്. ഒരു പത്രപ്രസ്താവന നടത്തി പോലും ആരും മുന്നോട്ടു വരാതിരുന്നപ്പോഴാണ് ബാവാ അതിനു തയ്യാറായത്. അവിടെയും ബാവാ പാലാ പിതാവിനെ തള്ളി പറഞ്ഞില്ല, എന്ന് മാത്രമല്ല പിതാവ് ഉന്നയിച്ച വിഷയങ്ങൾ പൊതു സമൂഹം ചർച്ച ചെയ്യേണ്ടതാണ് എന്നാണ് പറഞ്ഞത്. ആ ചർച്ചയിലാണ് ഒരു സമ്മേളനം നടത്തുന്നതിനെക്കുറിച്ച് നിർദേശം വന്നതും. നമ്മൾ ഉന്നയിക്കുന്ന വിഷയത്തിന് പൊതുസ്വീകാര്യത ആവശ്യമാണ്. കാരണം ഇതൊരു സാമൂഹിക തിന്മയാണ്. ഇതിനെതിരെയുള്ള പോരാട്ടം മറ്റുള്ളവരെക്കൂടി വിശ്വാസത്തിൽ എടുത്തു വേണം ചെയ്യാൻ. അത് തെറ്റിദ്ധാരണകളിൽ നിന്നല്ല തുടങ്ങേണ്ടത്. അതൊരു മേശക്കു ചുറ്റും ഇരുന്നു സംസാരിക്കണം. അതിനാണ് ചങ്ങനാശ്ശേരി ആർച്ചുബിഷപ്പിനെ ക്ഷണിച്ചത്. അദ്ദേഹം വരാം എന്ന് സമ്മതിച്ചു . അതുകൊണ്ട് കൂടിയാണ് ഈ സമ്മേളനവുമായി ബാവാ മുന്നോട്ടു പോയത്.ഇനിയും കർദിനാൾ മാർ ക്ളീമിസ് ബാവാ റോമിലെ മതാന്തര സംവാദത്തിനുള്ള സമിതിയിലെ മാർപാപ്പാ നിയമിച്ച അംഗം കൂടിയാണ്. അദ്ദേഹത്തിന്റെ competency അന്വേഷിച്ചവർ അത് കൂടി അറിയുന്നത് നന്നായിരിക്കും. ഫ്രാൻസിസ് മാർപാപ്പായുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഒരു നിലപാട് എടുക്കാൻ അദ്ദേഹത്തിനും കത്തോലിക്കാ സഭക്കും സാധിക്കില്ല. മാർപ്പാപ്പ ആരാ ഇതൊക്കെ പറയാൻ എന്ന് ചോദിക്കുന്ന പ്രവണത കൂടി വരുന്നകാലത്ത് ഈ വാദം നിലനിൽക്കില്ല എന്നറിയാം. മുഖ്യമന്ത്രി പറഞ്ഞതിന്റെ ഉത്തരവാദിത്വം ക്ളീമിസ് ബാവായ്‌ക്കാണ് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ മലയാളികൾ. മുഖ്യമന്ത്രി ആരെയെങ്കിലും വെറുതെ വിട്ടിട്ടുണ്ടെങ്കിൽ അത് കാഞ്ഞിരപ്പള്ളി പിതാവ് അഭിവന്ദ്യ മാർ മാത്യു അറക്കൽ പിതാവിനെ മാത്രം ആയിരിക്കും. അവർ തമ്മിലുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇനി ക്രൈസ്തവ സഭകൾക്കിടയിൽ വ്യത്യസ്ത നിലപാട് ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അതിനു കാരണം ഒരുമിച്ചു വന്ന ആറു പേരാണോ അതോ വിട്ടു നിന്ന ഒരാളാണോ?സ്‌കോർ ചെയ്യലും മധ്യസ്ഥ നാടകവും ?എന്ത് സ്‌കോർ ചെയ്യാൻ? ആർച്ചുബിഷപ് സൂസൈപാക്യത്തോടൊപ്പം ക്ളീമിസ് ബാവാ എറണാകുളത്തേക്ക്‌ കുറെ യാത്ര നടത്തി, കുറെ വൈദികരോട് സംസാരിക്കാൻ. എന്തിനാണെന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവിനോട് ചോദിച്ചാൽ മതി. എന്ത് സ്‌കോറാണ് ബാവാ നേടിയത്? അദ്ദേഹത്തിന്റെ സഭയിലെ വിഷയത്തിനല്ലല്ലോ. പക്ഷെ ക്ലീമിസ് ബാവാ ദീപിക വീണ്ടെടുക്കാൻ നേതൃത്വം നൽകിയപ്പോൾ ഈ സഭാ വേർതിരിവ് കണ്ടില്ലല്ലോ? എന്തിനാണ്‌ ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്? മുൻഗാമികൾ കാണിച്ചു കൊടുത്തത് അതാണ്. നിലക്കൽ പ്രശ്നം ഉണ്ടായപ്പോൾ ആർച്ചുബിഷപ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനി എടുത്ത നേതൃത്വം എല്ലാവർക്കും അറിയാം. സിറിൽ ബസേലിയോസ് ബാവാ തിരുമേനി ആർ എസ് എസ് നേതാവ് സുദർശനുമായി ചർച്ചക്ക് പോയപ്പോൾ ഓരോരുത്തരും പറഞ്ഞ പ്രസ്താവനകളും നിലപാടുകളും ആരും മറന്നിട്ടില്ല. സംശയമുള്ളവർ അന്ന്‌ ചർച്ചയ്ക്ക് കൂട്ടത്തിൽപോയ ഡോ. സിറിയക്ക് തോമസ് സാറിനോട് ചോദിച്ചാൽ മതിയാകും. പക്ഷെ അന്ന് വിമർശിച്ചവർ ഏതു പാക്കേജിന്റെ പുറത്താണ് അന്ന് അയിത്തം കല്പിച്ചവരെ ഇന്ന് സ്വീകരിച്ചു സൽക്കരിക്കുന്നത്? കേരളത്തിലെ ക്രൈസ്തവർ ജീവിക്കുന്നത് പാലാ പോലെ കാത്തലിക് ജനസാന്ദ്രത ഉള്ള സ്ഥലങ്ങളിൽ മാത്രമല്ല. മഹാ ഭൂരിപക്ഷവും താമസിക്കുന്നത് ഇതര മതസ്ഥരുടെ ഇടയിലാണ്. ഒരു സാമൂഹിക വിപത്തിന്റെ പേരിലും ഒരു മതവിഭാഗവും വേട്ടയാടപെടാനോ സംശയത്തിന്റെ നിഴലിൽ നിൽക്കപ്പെടാനോ പാടില്ല. നല്ല സമൂഹവും ബഹുസ്വരതയും മത സൗഹാർദവും നിലനിൽക്കട്ടെ. പാലാ പിതാവ് പറഞ്ഞ വിഷയങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട വിഷയമാണ്. നമ്മുടെ ചർച്ചകൾ അതിന്റെ തുടർ നടപടികളിലേക്ക് വരട്ടെ. ക്ലീമിസ് ബാവായെയും മലങ്കര സഭയെയും വെറുതെ വിടുക! ഫാ. ബോവാസ് മാത്യു

Exit mobile version