എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി. കുടുംബം വേണ്ടെന്ന് അറിയിച്ചതിനാല്‍ ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടന്നതെങ്കിലും ജനലക്ഷങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി നല്‍കിയ അവിശ്വസനീയ യാത്രയയപ്പ് ബഹുമതികളേക്കാളെല്ലാം മുകളിലായി.ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകിയായിരുന്നു അന്ത്യയാത്ര. അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അനിയന്ത്രിതമായി ജനം ഒഴുകിയെത്തിയപ്പോള്‍ ഈ സമയക്രമം വീണ്ടുംതെറ്റി.തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര 28 മണിക്കൂറോളം സമയമെടുത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സിനിമാ താരങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു.ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്‍കാന്‍ എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വഴിയിലുടനീളം ലഭിച്ച വൈകാരികമായ യാത്രയയപ്പ്.