കരുവന്നൂർ കള്ളപ്പണ ഇടപാട്; സതീഷ് കുമാറിന് 46 അക്കൗണ്ടുകൾ; കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ

0
21

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ ഇ‍ഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ. കേസിലെ ഒന്നാം പ്രതി സതീഷ് കുമാർ കരുവന്നൂരിൽ നിന്നു തട്ടിയ കോടികൾ ഉപയോ​ഗിച്ചു വാങ്ങിക്കൂട്ടിയത് 24 വസ്തുക്കളാണ്. ഇവയെല്ലാം കണ്ടുകെട്ടി. 

സതീഷ് കുമാറിന്റേയും ഭാര്യയുടേയും പേരിൽ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 46 അക്കൗണ്ടുകളിലെ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും മൂന്നാം പ്രതി ജിൽസിന്റെ മൂന്ന് വസ്തുക്കളും കണ്ടെകെട്ടിയവിൽ ഉൾപ്പെടുന്നു. 

കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും.

11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതുവരെ  87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അതിനിടെ കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കി. 

കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തിയിരുന്നു. അതിനിടെയാണ് കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്. 

കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പത്ത് വര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ വ്യക്തതയ്ക്ക് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഇഡി മുന്നോട്ടുവെച്ചത്.

Leave a Reply